പമ്പയിലേക്ക് വാഹനങ്ങള്‍ വിടുന്നില്ല; എരുമേലിയിൽ റോഡ് ഉപരോധിച്ച് തീർത്ഥാടകർ - ശബരിമല പ്രതിഷേധം
Published : Dec 24, 2023, 8:58 PM IST
പത്തനംതിട്ട: എരുമേലിയിൽ റോഡ് ഉപരോധിച്ച് നൂറ് കണക്കിന് ശബരിമല തീർത്ഥാടകർ (Sabarimala Pilgrims Blocked the Road and Protested in Erumeli). എരുമേലിയിൽ നിന്ന് വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. തമിഴ്‌നാട്ടിൽ നിന്നെത്തിയ തീർത്ഥാടകരാണ് റോഡ് ഉപരോധിച്ചത്. തീർത്ഥാടകർ ശരണം വിളികളുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഉപരോധം നീണ്ടതോടെ നിന്നുള്ള തീർത്ഥാടകരുമായി പൊലീസ് ചർച്ച നടത്തി. തിരക്ക് മൂലമാണ് വാഹനങ്ങൾ കടത്തിവിടുന്നതിൽ നിയന്ത്രണമേർപ്പെടുത്തിയതെന്ന് പൊലീസ് ഇവരെ ബോധ്യപ്പെടുത്തി. തിരക്ക് കുറയുന്ന മുറയ്ക്ക് വാഹനങ്ങൾ കടത്തി വിടുമെന്ന് ഉറപ്പ് നൽകിയതോടെ തീർത്ഥാടകർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. റോഡ് ഉപരോധത്തെ തുടർന്ന് എരുമേലി - റാന്നി പാതയിൽ ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മണ്ഡല പൂജയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമലയില്‍ വൻ ഭക്തജന തിരക്ക് തുടരുകയാണ്. സന്നിധാനത്തും പമ്പയിലുമായി ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഭക്തർ മണിക്കൂറുകൾ ക്യൂ നിന്നാണ് പതിനെട്ടാം പടി കയറുന്നത്. ദര്‍ശനത്തിനായി ഭക്തരുടെ നീണ്ട നിരയാണ് കാത്തുനില്‍ക്കുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് ഇന്നലെ മാത്രം 97,000 ത്തോളം അയ്യപ്പ ഭക്തര്‍ സന്നിധാനത്ത് ദര്‍ശനത്തിനെത്തി. ഭക്തജന തിരക്ക് കാരണം പമ്പയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.