കേരളം

kerala

ശബരിമല നട തുറന്നു

ETV Bharat / videos

Video | മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു - Meena Masam pooja

By

Published : Mar 15, 2023, 3:58 PM IST

പത്തനംതിട്ട:മീനമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്‌ത ക്ഷേത്ര നട തുറന്നു. ക്ഷേത്ര തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിയിച്ചു. ശേഷം, മേല്‍ശാന്തി ഗണപതി, നാഗർ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം 18-ാം പടിക്ക് മുന്‍വശത്തായുള്ള ആ‍ഴിയില്‍ അഗ്നി പകര്‍ന്നു. തുടര്‍ന്ന് തന്ത്രി കണ്‌ഠരര് മഹേഷ് മോഹനര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്‌തു. 

മാളികപ്പുറം മേൽശാന്തി വി ഹരിഹരൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നട തുറന്ന് വിളക്ക് തെളിയിച്ചു. നട തുറന്ന ദിവസം പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മീനം ഒന്നായ 15ന് പുലര്‍ച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും. ശേഷം നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. 5.30ന് മഹാഗണപതിഹോമം. തുടര്‍ന്ന് ഏഴ്‌ മണി വരെ നെയ്യഭിഷേകം. 7.30ന് ഉഷപൂജ. ഒന്‍പത് മണി മുതൽ നെയ്യഭിഷേകം പുനരാരംഭിക്കും. 15 മുതല്‍ 19 വരെയുള്ള അഞ്ച് ദിവസങ്ങളില്‍ ഉദയാസ്‌തമയപൂജ, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്‌പാഭിഷേകം എന്നിവ ഉണ്ടാകും.

വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്‌ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ്. നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. അഞ്ച് ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്ര തിരുനട 19ന് രാത്രി 10മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. ഉത്രം തിരുല്‍സവത്തിനായി ശബരിമല ക്ഷേത്ര നട മാര്‍ച്ച് 26ന് വൈകുന്നേരം തുറന്ന് ഏപ്രില്‍ അഞ്ചിന് അടയ്ക്കും. മാര്‍ച്ച് 27ന് രാവിലെ 9.45ന് ആണ് കൊടിയേറ്റ്. ഏപ്രില്‍ അഞ്ചിന് പൈങ്കുനി ഉത്രം ആറാട്ട് പമ്പാനദിയിൽ നടക്കും. 

ABOUT THE AUTHOR

...view details