'ശബരിമലയിലെ തിരക്ക് എല്ലാ വര്‍ഷത്തേയും പോലെ...' : മേൽശാന്തി പി എൻ മഹേഷ് - മണ്ഡലകാലം പൂർത്തിയായി
Published : Dec 30, 2023, 7:59 AM IST
പത്തനംതിട്ട :മണ്ഡലകാലം ഭംഗിയായി പൂർത്തീകരിക്കാൻ സാധിച്ചത് അയ്യപ്പ സ്വാമിയുടെ അനുഗ്രഹവും ഭക്തരും സംഘാടകരും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്‍റെ ഫലവുമാണെന്ന് ശബരിമല മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി.
ഭക്തജനങ്ങളിൽ പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. അവർക്കൊക്കെ അയ്യപ്പസ്വാമിയുടെ അനുഗ്രഹം ലഭിച്ചിട്ടുണ്ട്. ചില ദിവസങ്ങളിൽ എല്ലാ വർഷത്തിലും ഉണ്ടാകുന്നത് പോലെ വലിയ തിരക്ക് അനുഭവപ്പെട്ടു. എന്നിരുന്നാലും ഭക്തരും സംഘാടകരും ഒരുപോലെ പ്രവർത്തിച്ചത് കൊണ്ട് വളരെ ഭംഗിയായി മണ്ഡലകാലം പൂർത്തിയായിരിക്കുന്നു. ഇനി മകരവിളക്ക് മഹോത്സവത്തിനായാണ് നട തുറക്കുന്നത് എല്ലാ വർഷവും പോലെ തന്നെ ചടങ്ങുകൾ ഉണ്ടാകും. കൂടുതൽ കാര്യങ്ങൾ തന്ത്രിയോടും ബോർഡ് അംഗങ്ങളുമായി തീരുമാനിച്ച് പിന്നീട് അറിയിക്കും. നട തുറക്കുന്നതിനായുള്ള നടപടിക്രമങ്ങൾ നടത്തി വരുന്നു. ഇതുവരെയുള്ള കാര്യങ്ങൾ നല്ലതുപോലെ പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നും ശബരിമല മേല്‍ശാന്തി പറഞ്ഞു. ഇന്ന് (ഡിസംബര്‍ 30) വൈകിട്ട് അഞ്ചിന് മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറക്കും. ഇന്ന് പൂജകള്‍ ഒന്നും തന്നെ ഉണ്ടാകില്ല. നാളെ മുതല്‍ പതിവ് പൂജകള്‍ ആരംഭിക്കും. ജനുവരി പതിനഞ്ചിനാണ് മകരവിളക്ക്.