Sabarimala Melsanthi Draw : ശബരിമല മേൽശാന്തി നറുക്കെടുപ്പ് : ഇരുമുടി കെട്ടുകള്‍ നിറച്ച് വൈദേഹും നിരുപമയും ; നറുക്കെടുപ്പ് 18ന് - വൈദേഹും നിരുപമയും പുറപ്പെട്ടു
Published : Oct 17, 2023, 1:24 PM IST
പത്തനംതിട്ട :ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നതിനായി പന്തളം കൊട്ടാരത്തിലെ വൈദേഹും നിരുപമയും പുറപ്പെട്ടു. പന്തളം കൈപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഇരുവരും ശിവ ക്ഷേത്രത്തില്‍ വച്ച് ഇരുമുട്ടി കെട്ടുകള്‍ നിറച്ചു. 18നാണ് നറുക്കെടുപ്പ്. അന്ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്ര നട തുറക്കും (Sabarimala Melsanthi Draw). തുടര്‍ന്ന് നിര്‍മ്മാല്യവും പതിവ് അഭിഷേകവും നടക്കും. 5.30ന് മണ്ഡപത്തില്‍ മഹാഗണപതി ഹോമം നടക്കും. പുലര്‍ച്ചെ 5.30 മുതല്‍ നെയ്യഭിഷേകം ആരംഭിക്കും.7.30 ന് ഉഷപൂജയ്‌ക്ക് ശേഷം പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. ശബരിമല മേല്‍ശാന്തിയാകാന്‍ അന്തിമ പട്ടികയില്‍ ഇടം നേടിയ 17 ശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട് അത് അയ്യപ്പസ്വാമിയുടെ ശ്രീകോവിലിനുള്ളില്‍ പൂജ നടത്തിയ ശേഷം നറുക്കെടുക്കും. ശേഷം, മാളികപ്പുറം മേല്‍ശാന്തിയാകാന്‍ അന്തിമ പട്ടികയില്‍ ഇടം നേടിയ 12 ശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട് മാളികപ്പുറത്തമ്മയുടെ ശ്രീകോവിലിനുള്ളില്‍ പൂജ നടത്തിയശേഷം നറുക്കെടുക്കും. പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തുന്ന വൈദേഹ് ശബരിമല മേല്‍ശാന്തിയെയും നിരുപമ മാളികപ്പുറം മേല്‍ശാന്തിയെയും നറുക്കെടുക്കും. ഒരു വര്‍ഷമാണ് മേല്‍ശാന്തിമാരുടെ കാലാവധി. തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്‌ത ക്ഷേത്ര നട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാവില്ല. തുലാമാസ പൂജകളുടെ ഭാഗമായി ഒക്ടോബര്‍ 17 മുതല്‍ 22 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്‌ത ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം. നിലയ്ക്കലിലും പമ്പയിലും സ്പോട്ട് ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 22 ന് രാത്രി 10ന് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും.