ശബരിമലയിൽ തിരക്കേറുന്നു; ഇതുവരെ ദർശനം നടത്തിയത് 6,24,178 ഭക്തർ
Published : Nov 28, 2023, 9:28 AM IST
പത്തനംതിട്ട: മണ്ഡലകാലം (Sabarimala Mandala season 2023) പത്തു ദിവസം പിന്നിടുമ്പോൾ ഭക്തസാന്ദ്രമായി അയ്യപ്പ സന്നിധാനം. ഇതുവരെ അയ്യപ്പനെ കണ്ടു മടങ്ങിയത് 6,24,178 ഭക്തന്മാർ. ഈ കാലയളവിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ട ശനിയാഴ്ച്ച (25.11.23) വിർച്വൽ ക്യൂ വഴി മാത്രം ദർശനം നേടിയത് എഴുപത്തിനായിരത്തിനുമേൽ ഭക്തരാണ്.
തിങ്കളാഴ്‌ച ഓൺലൈൻ ആയി മാത്രം വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്‌തിരിക്കുന്നത് 67,097 ഭക്തരാണ്. പമ്പയിൽ സ്പോട്ട് രജിസ്ട്രേഷൻ സംവിധാനം ഉൾപ്പെടുത്താതെ ഓൺലൈൻ ആയി ബുക്ക് ചെയ്‌തവരുടെ കണക്കാണ് ഇത്. വരും ദിവസങ്ങളിൽ ഭക്തരുടെ തിരക്ക് ഇനിയും വർധിക്കുമെന്നാണ് കണക്ക്കൂട്ടൽ. തിരക്ക് മുന്നിൽ കണ്ട് ആവശ്യമായ സജീകരണങ്ങൾ ഭക്തർക്കായി പമ്പയിലും സന്നിധാനത്തും ഒരുക്കുന്നുണ്ട്.
അയ്യപ്പ ദർശനത്തിന് എത്തുന്നവരുടെ സുരക്ഷയ്ക്കായി വേണ്ട നിയന്ത്രണങ്ങളും ക്രമീകരണങ്ങളും പൊലീസും മറ്റ് അടിയന്തരസേവന സേനകളും ചേർന്ന് ഒരുക്കുന്നുണ്ട്. സുരക്ഷിതമായ ഒരു മണ്ഡലകാലം അയ്യപ്പന്മാർക്ക് പ്രദാനം ചെയ്യുകയാണ് എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ സർക്കാർ ലക്ഷ്യമിടുന്നത്.
മണ്ഡലകാലത്ത് എല്ലാ വർഷവും ആയിരക്കണക്കിനാളുകളാണ് ഇരുമുടി കെട്ടുകളുമായി മല കയറി അയ്യപ്പദർശനം തേടുന്നത്. പമ്പയിലും സന്നിധാനത്തുമായി പത്തിടങ്ങളിൽ അഗ്നിശമന സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ആശുപത്രികളിൽ ഡോക്‌ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ സംഘം സജ്ജമാണ്. കൂടാതെ രണ്ട് ഐ സി യു ബെഡുകളും ഒരു സെമി ഐ സി യു ബെഡും സന്നിധാനത്ത് തയ്യാറാണ്. കൂടാതെ തീർത്ഥാടകർക്കാവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് ഹെൽപ്പ്ലൈൻ നമ്പറും സജ്ജമാണ്.
14432 എന്ന നമ്പറിൽ വിളിച്ചാൽ തീർത്ഥാടകർക്കാവശ്യമായ സേവനങ്ങൾ ഏത് ഭാഷയിലും ലഭ്യമാവും. ഭക്തരുടെ സംശയ ദൂരീകരണവും ഇത് വഴി സാധിക്കും. പമ്പ പൊലീസ് കൺട്രോൾ റൂമിലാണ് ഹെൽപ്പ്ലൈൻ നമ്പർ സജ്ജമാക്കിയിരിക്കുന്നത്.
ശബരിമലയിലേക്കുള്ള വിവിധ പാതകളിൽ ലഭ്യമാവുന്ന സേവനങ്ങളെക്കുറിച്ചറിയാൻ വനംവകുപ്പിന്‍റെ നേതൃത്വത്തിലുള്ള അയ്യൻ ആപ്പും തയ്യാറാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം.
തിരക്കേറിയതോടെ കാനനപാതയിൽ വനംവകുപ്പ് 50 ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. തിരക്കേറുന്നതിന് അനുസരിച്ച് ഇനിയും ഉദ്യോഗസ്ഥരെ നിയമിക്കും. ഭക്തർ കഴിവതും പ്ലാസ്റ്റിക് വസ്‌തുക്കൾ ഒഴിവാക്കണമെന്ന് ശബരിമല മേൽശാന്തി പി എൻ മഹേഷും മാളികപ്പുറം മേൽശാന്തി പി ജി മുരളിയും നിർദേശം നൽകിയിരുന്നു.
Also read:ശബരിമല തീർഥാടകർക്ക് 24 മണിക്കൂറും സഹായത്തിനായി പൊലീസ് ഹെൽപ്‌ലൈൻ നമ്പർ