ശബരിമല അന്നദാന മണ്ഡപത്തിൽ തിരക്കേറി; ദേവസ്വം ബോർഡിന്‍റെ അന്നദാനത്തിൽ പങ്കെടുത്തത് എട്ടര ലക്ഷം ഭക്തർ - ശബരിമല അന്നദാനം
Published : Jan 4, 2024, 9:27 PM IST
പത്തനംതിട്ട:ശബരിമല മകര വിളക്കുത്സവത്തിന്‍റെ ഭാഗമായി സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക് ( heavy rush in sabarimala Annadanamandapam) വർധിച്ചതനുസരിച്ച് അന്നദാനത്തിനും തിരക്കേറി. മണ്ഡലകാലം തുടങ്ങി മകരവിളക്കുത്സവ കാലമായ ജനുവരി 4 വരെ എട്ടര ലക്ഷം തീർത്ഥാടകരാണ് ദേവസ്വംബോർഡിന്‍റെ അന്നദാനത്തിൽ പങ്കെടുത്ത് വിശപ്പകറ്റിയത്.
ദിവസവും മൂന്ന് ഇടവേളകളോടെ 24 മണിക്കൂറും അന്നദാനം നടക്കുന്നുണ്ട്. രാവിലെ ഏഴുമണിമുതൽ 11 മണിവരെയാണ് പ്രഭാതഭക്ഷണം നൽകുന്നത്. ഉപ്പുമാവ്, കടലക്കറി, ചുക്ക്കാപ്പി എന്നിവയാണ് പ്രഭാതഭക്ഷണത്തിലെ വിഭവങ്ങൾ. ഉച്ചയ്ക്ക് 12 മുതൽ മൂന്നുവരെയാണ് ഉച്ചഭക്ഷണം. വെജിറ്റബിൾ പുലാവ് , സാലഡ് അല്ലെങ്കിൽ വെജിറ്റബിൾ കറി, അച്ചാർ ചുക്ക് വെള്ളം എന്നിവയാണ് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തിയ വിഭവങ്ങൾ. കഞ്ഞി, ചെറുപയർ, അച്ചാർ ഉൾപ്പടെയുള്ള രാത്രി ഭക്ഷണം വൈകീട്ട് 7 മുതൽ 12 വരെ വിതരണം ചെയ്യും. സൗജന്യമായാണ് ഭക്ഷണ വിതരണം നടത്തുന്നത്.
പൂർണമായും അത്യാധുനിക സംവിധാനങ്ങളോടെയുള്ള പാചക സംവിധാനങ്ങളാണ് അന്നദാനമണ്ഡപത്തിൽ ഒരുക്കിയിരിക്കുന്നത്. ഗ്യാസ് ഉപയോഗിച്ചാണ് പാചകം. പാത്രം കഴുകുന്നതിനുള്ള ഓട്ടോമാറ്റിക് ഡിഷ്‌വാഷ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ശുചിത്വത്തിന് മുഖ്യപ്രധാന്യം നൽകിയാണ് അന്നദാനമണ്ഡപത്തിന്‍റെ പ്രവർത്തനം . ഒരുസമയം രണ്ടായിരം പേരെ ഉൾകൊള്ളാൻ സൗകര്യം ഉണ്ടെങ്കിലും തിരക്കൊഴിവാക്കുന്നതിനും ശുചീകരണം വേഗത്തിൽ ചെയ്യുന്നത്തിനുമായി 1600 പേർക്ക് ഭക്ഷണം വിളമ്പുന്നതിനുള്ള ക്രമീകരണമാണിപ്പോൾ ഒരുക്കിയിട്ടുള്ളത്. ഒരു ദിവസം ശരാശരി 22000 പേർവരെ ഭക്ഷണം കഴിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാകുന്നത്. മകരവിളക്കിന് തിരക്കേറുന്നതോടെ പ്രതിദിനം മുപ്പതിനായിരത്തോളം പേരെയെങ്കിലും ഉൾക്കൊള്ളിക്കാൻ കഴിയും വിധമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് ഓഫീസർ വിനോദ്‌കുമാർ, അന്നദാനം സ്‌പെഷ്യൽ ഓഫീസർ, രണ്ട് അസി. ഓഫിസർമാർ എന്നിവർക്കാണ് മേൽനോട്ടചുമതല. ഇവർക്ക് കീഴിൽ 30 ദേവസ്വം ജീവനക്കാരും 40 പാചകക്കാരും 180 നിത്യവേതനക്കാരുമുൾപ്പെടെ 250 പേർ മൂന്ന് ഊഴങ്ങളിലായി അന്നദാനമണ്ഡപത്തിലെ കാര്യങ്ങൾ നോക്കുന്നു. ഹരിപ്പാട് കരുവറ്റ സ്വദേശിയായ ആർ. പത്മനാഭൻനായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണം പാചകം ചെയ്യുന്നത്. കഴിഞ്ഞ ഇരുപത് വർഷമായി ശബരിമല സന്നിധാന അന്നദാനമണ്ഡപത്തിലെ പാചകത്തിന്‍റെ ചുമതലക്കാരനാണ് ആർ. പത്മനാഭൻനായർ.