Viral Video| ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറുന്നതിനിടെ കാല്‍വഴുതി വീണ് യുവതി; രക്ഷകനായി ഓടിയെത്തി ആര്‍പിഎഫ് ഇന്‍സ്‌പെക്‌ടര്‍ - കൃപാൽ സിങ്
ജയ്‌പൂര്‍ (രാജസ്ഥാന്‍): ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറുന്നതിനിടെ കാല്‍വഴുതി വീണ യുവതിയെ അപകടത്തില്‍പെടാതെ രക്ഷിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍പിഎഫ് ഇന്‍സ്‌പെക്‌ടര്‍. ജയ്‌പൂരിലെ ഗാന്ധിനഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഞായറാഴ്‌ചയാണ് (30.07.2023) വലിയ അപകടത്തിലേക്ക് നീങ്ങിയേക്കാവുന്ന അപകടം റെയിൽവേ സ്‌റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്ന ആർപിഎഫ് ഇൻസ്പെക്‌ടർ കൃപാൽ സിങിന്‍റെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത്. മരുധര്‍ എക്‌സ്‌പ്രസ്(14864) ഗാന്ധിനഗര്‍ റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളിലൊന്നില്‍ എത്തിയപ്പോഴാണ് സംഭവം അരങ്ങേറുന്നത്. ട്രെയിന്‍ ഓടിത്തുടങ്ങുമ്പോള്‍ അതിലേക്ക് കയറാന്‍ ശ്രമിച്ച ഉത്തര്‍ പ്രദേശ് സ്വദേശിയായ മഞ്‌ജു ഹെയ് നിയന്ത്രണം നഷ്‌ടപ്പെട്ട് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലായി വീഴുകയായിരുന്നു. ഇതുകണ്ട് യാത്രക്കാരുടെ നിലവിളി കേട്ട് സംഭവസ്ഥലത്തുണ്ടായിരുന്ന ആർപിഎഫ് ഇൻസ്പെക്‌ടർ കൃപാൽ സിങ് വേഗം ഓടിയടുത്ത് യുവതിയെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഇതെല്ലാം കണ്ടുനിന്ന സമീപത്തുണ്ടായിരുന്ന യാത്രക്കാരും റെയില്‍വേ ജീവനക്കാരുമെല്ലാം കൃപാൽ സിങിന്‍റെ ധീരതയെയും അര്‍പ്പണബോധത്തെയും അഭിനന്ദിച്ചു. മാത്രമല്ല സംഭവത്തില്‍ സ്‌ത്രീയുടെ ജീവന്‍ അതിസാഹസികമായി രക്ഷിച്ച കൃപാല്‍ സിങിനെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർപിഎഫ്) അനുമോദിച്ചു. ട്രെയിനില്‍ കയറുന്നതിനിടെ യുവതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ തെന്നി വീഴുന്നതും രക്ഷിക്കാനായി റെയില്‍വേ ഇന്‍സ്‌പെക്‌ടര്‍ ഓടിയടുക്കുന്നതും വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.