വന്ദേഭാരത് ട്രെയിനിൽ പോസ്‌റ്ററുകൾ പതിപ്പിച്ച 6 പേരെ തിരിച്ചറിഞ്ഞു; ആർപിഎഫ് കേസ് രജിസ്‌റ്റർ ചെയ്‌തു - vandebharat
പാലക്കാട്: ഷൊർണ്ണൂരിൽ വന്ദേഭാരത് ട്രെയിനിൽ പോസ്റ്റർ പതിപ്പിച്ച കോൺഗ്രസ് പ്രവർത്തകരെ തിരിച്ചറിഞ്ഞു. പോസ്‌റ്റർ പതിപ്പിച്ചവരിൽ അട്ടപ്പാടി പുതൂർ പഞ്ചായത്ത് അംഗം സെന്തിൽകുമാറും. പ്രവർത്തകർക്കെതിരെ നിരവധി കുറ്റങ്ങൾ ചുമത്തി കേസെടുത്തു.
സെന്തിൽകുമാർ ഉൾപ്പടെയുള്ള ആറു പേർക്കെതിരെയാണ് ആർപിഎഫ് കേസെടുത്തിരിക്കുന്നത്. ആർപിഎഫ്. ആക്‌ടിലെ യാത്രക്കാരെ ശല്യപ്പെടുത്തിയതിന് 145 സി, ട്രെയിനിന്‍റെ അരികിലേക്ക് അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിന് 14-ാം വകുപ്പ്, ട്രെയിനിൽ പോസ്റ്റർ പതിപ്പിച്ചതിന് 166 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. 2000 രൂപ വരെ പിഴ ചുമത്താവുന്ന ഈ വകുപ്പുകളെല്ലാം ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്.
ഇതിനിടയിൽ ട്രെയിനിൽ പോസ്‌റ്റർ പതിപ്പിച്ചത് കോൺഗ്രസുകാരല്ല എന്ന മുൻ പ്രസ്‌താവന വി കെ ശ്രീകണ്‌ഠൻ എം പി തിരുത്തി. ഇന്നലെ ധാരാളം ആളുകൾ ഉണ്ടായിരുന്നതിനാൽ പോസ്‌റ്റർ പതിച്ചത് ആരെന്ന് വ്യക്തമായില്ല എന്നും മഴ വെളളത്തിൽ ട്രെയിനിൽ പോസ്‌റ്റർ പതിപ്പിച്ച് സെൽഫിയെടുക്കാനുള്ള ശ്രമമായിരുന്നു പ്രവർത്തകർ നടത്തിയതെന്നും ആ പോസ്റ്റർ അപ്പോൾ തന്നെ നീക്കം ചെയ്‌തിരുന്നതായും ഇത് അവർ സാമൂഹിക മാധ്യമങ്ങളിൽ വിശദികരിച്ചിട്ടുള്ളതായും എംപി പറഞ്ഞു.
ആർപിഎഫ് കേസുമായി മുന്നോട്ട് പോകട്ടെ അതിന് സഹകരിക്കുമെന്നും, ഇനി ഇത് ആവർത്തിക്കരുതെന്ന് പ്രവർത്തകർക്ക് താക്കീത് നൽകിയിട്ടുള്ളതായും, നേതാക്കളുടെ സമ്മതത്തോടെയല്ല പ്രവർത്തകർ ഇത് ചെയ്‌തതെന്നും എംപി വ്യക്തമാക്കി. അതേസമയം ബിജെപി കേന്ദ്രങ്ങളിൽ നിന്ന് സംഘടിത സൈബർ ആക്രമണം നടത്തുന്നതായും എം പി ആരോപിച്ചു. പോസ്‌റ്റർ പതിപ്പിക്കാൻ ആരും നിർദേശം നൽകിയില്ലെന്നും, ആവേശത്തിലാണ് പോസ്‌റ്റർ പതിച്ചതെന്നും, ആർപിഎഫ് പോസ്റ്റർ നീക്കം ചെയ്യാൻ പറഞ്ഞയുടൻ പോസ്റ്റർ നീക്കം ചെയ്‌തതായും ആരെയും അവഹേളിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അട്ടപ്പാടി പുതൂർ പഞ്ചായത്ത് വാർഡ് അംഗം സെന്തിൽകുമാർ ഇടിവി ഭാരതിനോട് പറഞ്ഞു.