RPF kicks minor | പ്ലാറ്റ്‌ഫോമില്‍ കിടന്നുറങ്ങിയ കുട്ടിക്ക് ആര്‍പിഎഫിന്‍റെ ക്രൂര മര്‍ദനം ; നിലത്തിട്ട് ചവിട്ടി, ദൃശ്യം പുറത്ത് - Uttar Pradesh news updates
ലഖ്‌നൗ : റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കിടന്നുറങ്ങിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ്‌ക്ക് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍റെ ക്രൂര മര്‍ദനം. ഉത്തര്‍പ്രദേശിലെ ബെല്‍ത്തറ റോഡ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ ഉദ്യോഗസ്ഥന്‍ ക്രൂരമായി നിലത്തിട്ട് ചവിട്ടുകയായിരുന്നു. ഇതിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മര്‍ദനത്തിനിടെ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ ദൃശ്യമാണ് പുറത്തുവന്നത്. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ബലീന്ദര്‍ സിങ്ങാണ് കുട്ടിയെ മര്‍ദിച്ചത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഉദ്യോഗസ്ഥനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഉദ്യോഗസ്ഥന്‍റേത് മനുഷ്യത്വരഹിതമായ പ്രവര്‍ത്തനമാണെന്നും ഇയാള്‍ക്കെതിരെ കര്‍ശന നിയമ നടപടിയെടുക്കണമെന്നും ആളുകള്‍ ആവശ്യപ്പെട്ടു. ജോലിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വീഡിയോ പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കുട്ടിയെ മര്‍ദനത്തിനിരയാക്കിയ ആര്‍പിഎഫ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്‌തിട്ടുണ്ടെന്നും വാരണാസി ഡിവിഷന്‍ പിആര്‍ഒ അശോക് കുമാര്‍ അറിയിച്ചു. അസംഗഡ് ആര്‍പിഎഫ് ഇന്‍സ്‌പെക്‌ടര്‍ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അശോക് കുമാര്‍ പറഞ്ഞു. കഴിഞ്ഞ മാസവും ഇത്തരത്തിലൊരു ദൃശ്യം പുറത്തുവന്നിരുന്നു. പ്ലാറ്റ്‌ഫോമില്‍ കിടന്നുറങ്ങുകയായിരുന്നവരുടെ മേല്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ വെള്ളമൊഴിക്കുന്നതായിരുന്നു സംഭവം.