കേരളം

kerala

കടമ്പ്രയാർ മലിനീകരണ കാരണം ബ്രഹ്മപുരത്തെ തീപിടിത്തമല്ല

ETV Bharat / videos

കടമ്പ്രയാർ മലിനീകരണ കാരണം ബ്രഹ്മപുരത്തെ തീപിടിത്തമല്ല: മന്ത്രി റോഷി അഗസ്റ്റിൻ - Uma Thomas

By

Published : Mar 13, 2023, 12:07 PM IST

എറണാകുളം :കടമ്പ്രയാർ മലിനീകരണത്തിന് കാരണം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തമല്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ബ്രഹ്മപുരത്തെ മാലിന്യ പ്ലാൻ്റിലെ തീ അണയ്ക്കുന്ന വെള്ളം എത്തുന്നത് കൊണ്ട് മാത്രമല്ല കടമ്പ്രയാർ മലിനമാകുന്നത്. നേരത്തെ തന്നെ കടമ്പ്രയാർ മലിനമാണ് എന്നതിൽ സംശയമില്ല.  ഇത് പരിഹരിക്കാനുള്ള ശ്രമമാണ് നടത്തേണ്ടത്. അതിലുള്ള ശ്രമത്തിലാണ് ജല വിഭവ വകുപ്പ്. അതിനെ തീപിടിത്തവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും എല്ലാ വിധ മലിനീകരണവും അവസാനിപ്പിക്കണം. അതാണ് സർക്കാർ നിലപാടെന്ന് റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. 

വാട്ടർ അതോറിറ്റി ആവശ്യമായ നടപടികൾ ബ്രഹ്മപുരത്ത് സ്വീകരിച്ചിട്ടുണ്ട്. ആവശ്യമായ പരിശോധന നടത്താതെ ഒരുതുള്ളി വെള്ളം പോലും വാട്ടർ അതോറിറ്റി വിതരണം ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു. തൃക്കാക്കര എംഎൽഎ ഉമ തോമസാണ് ഇതു സംബന്ധിച്ച് ചോദ്യം ഉന്നയിച്ചത്. ജലസംരക്ഷണം സംബന്ധിച്ച ചോദ്യങ്ങൾക്ക് മന്ത്രി മറുപടി പറയുന്നതിനിടെയാണ് ഉമ തോമസ് ഇക്കാര്യം ഉന്നയിച്ചത്.

ദിവസങ്ങളായി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ തീ അണയ്ക്കുന്നതിന്‍റെ ഭാഗമായി അഗ്നിശമനസേന വെള്ളം ഒഴുക്കി വിടുന്നുണ്ട്. ഈ വെള്ളം മുഴുവൻ മാലിന്യത്തോടൊപ്പം ഒഴുകിയെത്തുന്നത് കടമ്പ്രയാറിലാണ്. ഇത് ജലവിഭവ വകുപ്പ് പരിശോധിച്ചിട്ടുണ്ടോ എന്നായിരുന്നു ഉമ തോമസിന്‍റെ ചോദ്യം.

12 ദിവസമായി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്തെ 95 ശതമാനം തീ അണച്ചു എന്നാണ് സർക്കാരിന്‍റെ അവകാശവാദം. ബാക്കിയുള്ള അഞ്ചു ശതമാനം അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ മാലിന്യത്തിന് തീ പിടിച്ചത് മൂലമുള്ള വിഷപ്പുക കൊണ്ടുള്ള ബുദ്ധിമുട്ടുകൾ ഇതുവരെ അവസാനിച്ചിട്ടില്ല. പലർക്കും ശ്വാസം മുട്ടൽ അടക്കമുള്ള ശാരീരിക പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യ വകുപ്പിന്‍റെ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ഇന്നുമുതൽ മേഖലയിൽ പ്രവർത്തനം ആരംഭിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details