Rold Gold Fraud Case Accused Arrest Idukki മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് : 2 പേർ പൊലീസ് പിടിയിൽ - സാമ്പത്തിക തട്ടിപ്പ്
Published : Sep 6, 2023, 10:53 PM IST
ഇടുക്കി :ഇടുക്കിയിൽ മുക്കുപണ്ടം പണയം വച്ച് വൻ സാമ്പത്തിക തട്ടിപ്പ് (Rold Gold Fraud Case) നടത്തുന്ന സംഘം പൊലീസ് പിടിയിൽ. നെടുംകണ്ടം ചെമ്മണ്ണാർ സ്വദേശികളായ ബിലാൽ എന്ന സ്റ്റെഫാൻസൺ, കല്ലിടയിൽ ജോൺസൺ എന്നിവരാണ് ഉടുമ്പഞ്ചോല പൊലീസിന്‍റെ (Udumbanchola Police) പിടിയിലായത്. രണ്ട് തവണയായി ഒൻപതര ലക്ഷത്തോളം രൂപയാണ് ഒരേ ബാങ്കിൽ നിന്നും ഇവർ തട്ടിയെടുത്തത്. മൂന്നാം തവണ എട്ടേ മുക്കാൽ ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികൾ പൊലീസിന്‍റെ പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ ചെമ്മണ്ണാർ സ്വദേശി ടിജോയെ ഞാറയ്‌ക്കൽ പൊലീസും അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ഓഗസ്‌റ്റ് 16 ന് കേരള ബാങ്കിന്‍റെ ചെമ്മണ്ണാർ ശാഖയിൽ 13 പവൻ മുക്കു പണ്ടം വെച്ച് ജോൺസൺ 3,90,000 രൂപയും ഓഗസ്‌റ്റ് 25 ന് ബിലാൽ 17.5 പവൻ പണയം വെച്ച് 5.2 ലക്ഷം രൂപയും തട്ടിയെടുത്തിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം 27 പവനുമായി ഇരുവരും ബാങ്കിൽ എത്തി. 8,70,000 രൂപയാണ് ഇത്തവണ തട്ടിയെടുക്കാൻ ശ്രമിച്ചത്. സംശയം തോന്നിയ ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാവുന്നത്. ബിലാലും ജോൺസനും ടിജോയും ചേർന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ട്. മറ്റ് കേസുകളിലും ഇവർ പ്രതികളാണ്. പെരുമ്പാവൂർ സ്വദേശിയിൽ നിന്നും വാങ്ങിയ മുക്കുപണ്ടമാണ് ഇവർ പണയം വച്ചിരുന്നത്. ലക്ഷ കണക്കിന് രൂപ ഇവർ ഇത്തരത്തിൽ തട്ടിയെടുത്തിട്ടുണ്ട്. സംഘത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് സൂചന