'എന്നു തീരും കഷ്‌ടകാലം'; റോബിന്‍ ബസിനും ഉടമയ്ക്കും എംവിഡി പീഡനം,ബസ് സര്‍വീസ് മുടക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം - റോബിൻ ബസിന് സ്വീകരണം
Published : Nov 18, 2023, 3:42 PM IST
കോട്ടയം: സർവീസ് പുനരാരംഭിച്ച റോബിൻ ബസ് മോട്ടോർ വഹാന വകുപ്പ് വീണ്ടും തടഞ്ഞതിൽ പ്രതിഷേധിച്ച് നാട്ടുകാർ. പാല ഇടപ്പാടിയിൽ വച്ചാണ് എംവിഡി ബസ് തടഞ്ഞത്. തുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ബസ് വിട്ടയച്ചു. കാഞ്ഞിരപ്പളളിയിലും കൂവപ്പള്ളിയിലും ബസിന് നാട്ടുകാർ സ്വീകരണം നൽകി(robin bus starts interface service).
പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട റോബിൻ ബസിനെ ഇന്ന്(18-11-2023) രാവിലെ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എംവിഡി തടഞ്ഞു നിർത്തി പെർമിറ്റ് ലംഘനത്തിന് പിഴ ചുമത്തിയിരുന്നു. 7500 രൂപയാണ് പിഴ ചുമത്തിയത്. സർവീസ് തുടരുന്നതിനിടെയാണ് കോട്ടയം പാലായിൽ വച്ച് എംവിഡി വീണ്ടും ബസ് തടഞ്ഞുനിർത്തിയത്. ഒടുവിൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് എംവിഡി ഉദ്യോഗസ്ഥർ ബസ് വിട്ടുനൽകി.
ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് ബസ് നിരത്തിലിറങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം ബസ് ഉടമ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് എംവിഡി.
പുലർച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയിൽ നിന്നും ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിക്ക് കോയമ്പത്തൂർ അവസാനിക്കുന്നതാണ് ആദ്യ ട്രിപ്പ്. വൈകിട്ട് അഞ്ച് മണിക്ക് കോയമ്പത്തൂരിൽ നിന്നും തുടങ്ങി രാത്രി 12 മണിക്ക് പത്തനംതിട്ടയിൽ തിരിച്ചെത്തും. ഇടയ്‌ക്കിടയ്‌ക്ക് എംവിഡി പരിശോധനകൾ നടത്തുന്നതിനാൽ ഒരു മണിക്കൂറോളം വൈകിയാണ് ബസ് ഇന്ന് സർവീസ് നടത്തിയത്.
കഴിഞ്ഞ ഒക്ടോബര്‍ 16-ാം തീയതിയാണ് നിയമ ലംഘനം ചൂണ്ടിക്കാട്ടി എംവിഡി റോബിന്‍ ബസിനെ ആദ്യമായി തടഞ്ഞുവച്ചത്. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കോടതി ഉത്തരവിലൂടെ റോബിന്‍ ബസ് ഉടമയ്‌ക്ക് തിരികെ ലഭിച്ചത്.