കേരളം

kerala

Illegal land

ETV Bharat / videos

Illegal land | ഉടമസ്ഥാവകാശം തെളിയിക്കാനായില്ല, തച്ചങ്കരി എസ്റ്റേറ്റ്‌സ്‌ ആൻഡ്‌ റിസോർട്‌സിന്‍റെ ഭൂമി റവന്യു വകുപ്പ് ഏറ്റെടുത്തു

By

Published : Jul 21, 2023, 5:44 PM IST

ഇടുക്കി :ചിന്നക്കനാൽ വില്ലേജിൽ തച്ചങ്കരി എസ്റ്റേറ്റ്‌സ്‌ ആൻഡ്‌ റിസോർട്‌സ്‌ എന്ന സ്ഥാപനം അനധികൃതമായി കൈവശം വച്ചിരുന്ന 82 സെന്‍റ് ഭൂമി റവന്യു വകുപ്പ് ഏറ്റെടുത്തു. ജില്ല കലക്‌ടറുടെ നിർദേശത്തെ തുടർന്നാണ് ഭൂമി ഏറ്റെടുത്തത്. കൈവശ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ കമ്പനി ഡയറക്‌ടർ ടിസൻ ജെ തച്ചങ്കരിക്ക് കഴിയാതിരുന്നതിനെ തുടർന്നാണ് റവന്യു വകുപ്പിന്‍റെ നടപടി. 

2007 ലാണ് പ്രദേശത്ത് ഭൂമിയിൽ കയ്യേറ്റം നടന്നിട്ടുണ്ടെന്നും ചട്ടം ലംഘിച്ച് ടൂറിസം ആവശ്യങ്ങൾക്ക് കെട്ടിടം നിർമിച്ചിട്ടുണ്ടെന്നും റവന്യു വകുപ്പ് കണ്ടെത്തിയത്. ഈ ഭൂമി ഏറ്റെടുക്കാൻ 2007 ജൂൺ 19 ന് കലക്‌ടർ ഉത്തരവിട്ടെങ്കിലും കമ്പനി ഡയറക്‌ടറായ ടിസൻ ജെ തച്ചങ്കരി ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് 2013 ജനുവരിയിൽ ഭൂമി ഏറ്റെടുക്കുന്നതിൽ കലക്‌ടർ അന്തിമ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഈ ഉത്തരവ് ചോദ്യം ചെയ്യുന്നതിന് രണ്ടാഴ്‌ച സമയം നൽകണമെന്നും കോടതി നിർദേശിച്ചു. 

ഇത് പ്രകാരം അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് നടപടിക്രമങ്ങൾ പൂർത്തിയാക്കി വാദം നടത്തി. തുടർന്ന് നടത്തിയ സ്ഥലപരിശോധനയിൽ കൈവശ ഭൂമിയുടെ സർവെ നമ്പർ, വിസ്‌തീർണം എന്നിവയിൽ വ്യത്യാസം കണ്ടെത്തി. സർവെ ഡെപ്യൂട്ടി ഡയറക്‌ടറുടെ റിപ്പോർട്ടിലും രേഖകളിൽ ഉള്ളതിനേക്കാൾ കൂടുതൽ സ്ഥലം ഉടമകൾ കൈവശം വച്ചിരിക്കുന്നതായി വ്യക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ ഹിയറിങ്ങിൽ ടിസൻ ജെ തച്ചങ്കരി ഹാജരാക്കിയ രേഖകൾ പ്രകാരവും കൈവശ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് ഭൂമിയേറ്റെടുക്കാൻ റവന്യു വകുപ്പ് നടപടി സ്വീകരിച്ചത്.

റിസോർട്ടിന് പുറകിലുള്ള 80 സെന്‍റ് സ്ഥലമാണ് അധികമായി കൈവശം വച്ചിരുന്നത്. ഇവിടെ കൃഷി ചെയ്‌ത് വന്നിരുന്ന ഏലവും റവന്യു സംഘം വെട്ടി നശിപ്പിച്ചു. ഡെപ്യൂട്ടി തഹസിൽദാർമാരായ ഹാരിസ് ഇബ്രാഹിം, ഡി ചന്ദ്രകുമാർ, വില്ലേജ് ഒഫിസർ സുനിൽ കെ പോൾ, സ്‌പെഷ്യൽ വില്ലേജ് ഓഫിസർ വി ശ്രീകുമാർ, താലൂക്ക് ജീവനക്കാർ, ഭൂസംരക്ഷണ സേന അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ഭൂമി ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചത്.

ABOUT THE AUTHOR

...view details