Pathanamthitta Rain | വീട്ടിൽ വെള്ളം കയറി ; കിടപ്പുരോഗിയെ മാറ്റിപ്പാര്‍പ്പിച്ച് പ്രദേശവാസികള്‍
പത്തനംതിട്ട :വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കിടപ്പുരോഗിയെ മാറ്റി പാര്‍പ്പിച്ച് നാട്ടുകാര്‍. തിരുവല്ല നഗരസഭയിൽ 29ാം വാർഡിലാണ് സംഭവം. വാർഡ് കൗൺസിലറുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. ഉത്രമേത് ആലഞ്ചേരി തുണ്ടിയിൽ ആദിത്യ ഹൗസിൽ സഹദേവനെയാണ് (75) രക്ഷപ്പെടുത്തിയത്.
അതേസമയം, കനത്ത മഴയിൽ നദികളിൽ ജലനിരപ്പ് ഉയർന്നത്തോടെ പത്തനംതിട്ട ജില്ല പ്രളയ ഭീതിയിലാണ്. മണിമലയാർ കരകവിഞ്ഞൊഴുകുകയും തിരുവല്ലയിലെ വിവിധ മേഖലകളിൽ വെള്ളം കയറുകയും ചെയ്‌തു. 12 ഓളം റോഡുകളിലാണ് വെള്ളം കയറിയിരിക്കുന്നത്.
മണിമലയാര്‍ കരകവിഞ്ഞതോടെ മല്ലപ്പള്ളി ടൗണ്‍ ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ വെള്ളം കയറി. മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രം, മല്ലപ്പള്ളി പബ്ലിക് ഇൻഡോര്‍ സ്‌റ്റേഡിയം തുടങ്ങിയ സ്ഥലങ്ങളിലും വെള്ളം കയറി. തിരുവല്ല മുന്‍സിപ്പാലിറ്റിയിലെ നൂറിലധികം വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
വേങ്ങൽ മുണ്ടിയപ്പള്ളി കോളനിയിലെ വീടുകളും വെള്ളത്തിലായി. ഇതുവരെ ജില്ലയിൽ 27 ക്യാമ്പുകളാണ് തുറന്നത്. ഈ പ്രദേശത്തെ 218 കുടുംബങ്ങളിലെ 710 പേരെ മാറ്റിപ്പാര്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
കൂടുതൽ ക്യാമ്പുകൾ തുറക്കാനാണ് സാധ്യത. മഴയില്‍ 19 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ജില്ലയിൽ ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, പമ്പ, മണിമല നദികളില്‍ കിഴക്കൻ വെള്ളം എത്തിയതോടെ അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് കുതിച്ചുയരുകയാണ്.