'സഹോദരന്‍റെ നിയോഗത്തില്‍ സന്തോഷം'; റാഫേല്‍ തട്ടില്‍ ബിഷപ്പായതില്‍ സന്തോഷം പങ്കിട്ട് സഹോദരന്‍
Published : Jan 10, 2024, 9:55 PM IST
|Updated : Jan 10, 2024, 10:44 PM IST
തൃശൂര്‍:സഹോദരന്‍റെ പുതിയ നിയോഗത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് മാര്‍ റാഫേല്‍ തട്ടിലിന്‍റെ സഹോദരന്‍ ജോണ്‍ തട്ടില്‍. സാധാരണ കുടുംബത്തില്‍ നിന്നും ഒരു പുരോഹിതന്‍ ഉണ്ടാകുകയെന്നത് ഏറെ സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ റാഫേല്‍ തട്ടിലിനെ സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇടിവി ഭാരതിനോട് പ്രതികരിക്കുകയായിരുന്നു മാര്‍ റാഫേല്‍ തട്ടിലിന്‍റെ സഹോദരന്‍ ജോണ്‍ തട്ടില്‍. മാധ്യമങ്ങളിലൂടെയാണ് ഈ വാര്‍ത്ത കേട്ടതെന്നും അത് അതിയായ സന്തോഷം പകര്‍ന്നു. സാധാരണക്കാരനോടൊപ്പമാണ് ദൈവമെന്നതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്നാണ് (ജനുവരി 9) മാര്‍ റാഫേല്‍ തട്ടിലിനെ സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുത്തത്. ഷംഷാബാദ് രൂപതയുടെ ബിഷപ്പായി സേവനം അനുഷ്‌ഠിക്കുകയായിരുന്നു മാര്‍ റാഫേല്‍. സഭ സിനഡിന്‍റെ സമ്മേളനത്തിനിടെ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. തുടര്‍ന്ന് വത്തിക്കാനില്‍ നിന്നും അംഗീകാരം ലഭിച്ചതോടെയാണ് മാര്‍ റാഫേലിനെ മേജര്‍ ആര്‍ച്ച് ബിഷപ്പായി പ്രഖ്യാപിച്ചത്. 2010 ഏപ്രിലില്‍ 10ന് ബിഷപ്പായി നിയമിതനായ റാഫേല്‍ തട്ടില്‍ തൃശൂരില്‍ സഹായ മെത്രാനായും ബ്രൂണിയിലെ ടൈറ്റുലാര്‍ ബിഷപ്പായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.