Oommen Chandy | 'ജനങ്ങള്‍ക്കൊപ്പം ജീവിച്ച നേതാവ്, നഷ്‌ടമായത് ജ്യേഷ്‌ഠ സഹോദരനെ..': രമേശ് ചെന്നിത്തല
തിരുവനന്തപുരം:ഏത് പ്രതിസന്ധിയിലും താങ്ങും തണലുമായ ജ്യേഷ്‌ഠ സഹോദരനെയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്‌ടമായതെന്ന് രമേശ് ചെന്നിത്തല (Ramesh Chennithala). കേരളത്തിലെ വികസനത്തിന് ആര്‍ക്കും പിന്തുടരാവുന്ന മാതൃക കൊണ്ടുവന്ന നേതാവാണ്. ആരോടും വൈരാഗ്യം കാത്തുസൂക്ഷിക്കാത്ത വ്യക്തിയായിരുന്നു.
ജനങ്ങൾക്കൊപ്പം ആയിരുന്നു ഉമ്മൻ ചാണ്ടിയുടെ പൊതുജീവിതം മുഴുവൻ. കേരള ജനതയുടെ മനസില്‍ ജീവിച്ച ഒരു രാഷ്‌ട്രീയ നേതാവാണ് അദ്ദേഹം. രാഷ്ട്രീയം നോക്കാതെ ഏതൊരാൾക്കും സമീപിക്കാമായിരുന്ന നേതാവിനെയാണ് നഷ്‌ടമായിരിക്കുന്നത്, ഇത് കേരളത്തിന് വലിയ നഷ്‌ടമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി ബെംഗളൂരുവില്‍ വച്ച് ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്. 79 വയസായിരുന്നു അദ്ദേഹത്തിന്. ക്യാന്‍സര്‍ ബാധിതനായ അദ്ദേഹം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു.
Also Read :നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നിറവിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
വിദഗ്‌ദ ചികിത്സയ്‌ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും മാറ്റിയിരുന്നു. തുടര്‍ന്ന്, ഒരു കോണ്‍ഗ്രസ് നേതാവിന്‍റെ ബെംഗളൂരുവിലെ വീട്ടിലായിരുന്നു അദ്ദേഹം. എന്നാല്‍, ഇന്നലെ അദ്ദേഹത്തിന്‍റെ ആരോഗ്യനില വീണ്ടും മോശമാകുകയും ചിന്മയ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
രക്തസമ്മർദം കുറഞ്ഞ് അസ്വസ്ഥതകൾ ഉണ്ടാവുകയും ചെയ്‌തതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം സ്ഥിരീകരിച്ചത്.
Also Read :Oommen Chandy |ആരവങ്ങൾക്കും ആൾക്കൂട്ടത്തിനുമിടയില്‍; ജനഹൃദയങ്ങളില്‍ ഉമ്മൻചാണ്ടി