'പിണറായി വിജയനും മോദിയും ഭായ് ഭായ്': വിമര്‍ശിച്ച് രമേശ് ചെന്നിത്തല - സ്വർണ്ണക്കടത്ത് കേസ്
Published : Jan 5, 2024, 4:51 PM IST
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭായ് ഭായ് ആണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala alleges BJP-CPM connection). ശിവശങ്കറിന്‍റെ മുകളിലേക്ക് സ്വർണക്കടത്ത് കേസ് പോകാത്തത് ബിജെപി-സിപിഎം കൂട്ടുകെട്ടിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. സ്വർണ കള്ളക്കടത്ത് കേസിന്‍റെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസ് ആണെന്ന് പറഞ്ഞ പ്രധാനമന്ത്രി എന്തുകൊണ്ട് അതിൽ നടപടി എടുക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അന്വേഷണം എത്താതിരുന്നത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള കൂട്ടുകെട്ടിന്‍റെ ഭാഗമാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. കോൺഗ്രസ് നേതാക്കളെ ഇഡിയെ ഉപയോഗിച്ച് കേന്ദ്രം വേട്ടയാടുന്നുണ്ട്. എന്നാൽ തെളിവ് ഉണ്ടായിട്ടും സ്വർണ കള്ളക്കടത്ത് കേസിൽ അന്വേഷണം നടത്തുന്നില്ല. ഇത് ബിജെപി-സിപിഎം കൂട്ടുകെട്ടിന് തെളിവാണ് എന്നും കോൺഗ്രസിനെ തകർക്കുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആക്ഷേപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭ തെരഞ്ഞെടുപ്പിൽ 20 സീറ്റും നേടുകയാണ് യുഡിഎഫിന്‍റെ ലക്ഷ്യം. കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ പരസ്യ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.