'സുധാകരനെ വെറുതെ ഉപദ്രവിച്ചാൽ നോക്കിയിരിക്കുമെന്ന് കരുതേണ്ട'; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി - പുരാവസ്‌തു തട്ടിപ്പ്
കാസർകോട്: കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ വെറുതെ ഉപദ്രവിച്ചാൽ നോക്കിയിരിക്കുമെന്ന് കരുതേണ്ടെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. പ്രതിപക്ഷ നേതാവിനെതിരെയും സുധാകരനെതിരെയുമുള്ള കേസ് മുഖ്യമന്ത്രിയുടെ ഗൂഢാലോചനയാണ്. പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ശ്രമമാണ് പിണറായി വിജയൻ നടത്തുന്നതെന്നും അദ്ദേഹം കാസര്‍കോട് മാധ്യമങ്ങളോട് പറഞ്ഞു.
പിണറായി വിജയൻ വിഡ്ഢികളുടെ സ്വർഗത്തിലാണ്. കോൺഗ്രസ് പുനഃസംഘടന വിഷയത്തിൽ പാർട്ടിയിലെ പടലപ്പിണക്കം തെരുവിൽ കൊണ്ടുവരരുതെന്നും അദ്ദേഹം പറഞ്ഞു. വിവാദം തെരുവിലേക്ക് എത്തിക്കുന്നതിനെ അനുകൂലിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് പ്രവർത്തകരുടെ മനസിന് മുറിവേറ്റു. ഇതിന് നേതൃത്വം നൽകുന്നവർ അത് അവസാനിപ്പിക്കാൻ തയ്യാറാകണം. പിഎം ആർഷോയെ ചുമക്കുന്നത് സിപിഎമ്മിന് അപമാനമാണെന്നും കേരളത്തിലെ മാധ്യമ പ്രവർത്തകരെ പേടിപ്പിക്കാൻ ഗോവിന്ദൻ മാസ്‌റ്റർ ശ്രമിക്കേണ്ടെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. സംസ്ഥാന സർക്കാരും സിപിഎമ്മും മാധ്യമ സ്വാതന്ത്ര്യത്തിൽ കൈ കടത്തൽ നടത്തുന്നുവെന്നും ഈ നീക്കം അപലപനീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, മോന്‍സണ്‍ മാവുങ്കലുള്‍പ്പെട്ട പുരാവസ്‌തു തട്ടിപ്പ് കേസില്‍ പ്രതിയാക്കിയതിനെ നിയമപരമായും രാഷ്‌ട്രീയപരമായും നേരിടുമെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. നാളെ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരാകില്ലെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.