ഉത്തരാഖണ്ഡില്‍ കനത്ത മഴ ; മലവെള്ളപ്പാച്ചിലില്‍ ബസ് മറിഞ്ഞു - മഴയും ആലിപ്പഴ വര്‍ഷവും
ഉത്തരാഖണ്ഡ് : നൈനിറ്റാളില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും. വേനലില്‍ വലഞ്ഞിരിക്കെയാണ് മഴ വന്നതെങ്കിലും കനത്ത നാശമാണ് വിതച്ചത്. വെള്ളിയാഴ്‌ച രാവിലെ മുതല്‍ പെയ്‌ത മഴയില്‍ വിവിധയിടങ്ങളില്‍ മലവെള്ളപ്പാച്ചിലുണ്ടായി. രാംനഗറിലെ അവസ്ഥയും സമാനമാണ്.
രാംനഗറില്‍ പുഴ കരകവിഞ്ഞൊഴുകിയതോടെ പാലത്തിലൂടെ യാത്രക്കാരുമായെത്തിയ ബസ് അപകടത്തില്‍പ്പെട്ടു. ബസില്‍ കുടുങ്ങിയ 27 യാത്രക്കാരെ നാട്ടുകാരെത്തി രക്ഷപ്പെടുത്തി. ഉച്ചയോടെ രാംനഗറില്‍ നിന്ന് ഡോണ്‍ പരവേയിലേക്ക് പോകുകയായിരുന്ന ബസാണ് തിലമത്ത് മഹാദേവ ക്ഷേത്രത്തിന് സമീപം അപകടത്തില്‍പ്പെട്ടത്.
പാലത്തിലൂടെ എത്തിയ ബസ് ഒഴുക്കില്‍പ്പെട്ട് മറിയുകയായിരുന്നു. ബസില്‍ 27 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നും മുഴുവന്‍ പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും തഹസില്‍ദാര്‍ വിപിന്‍ ചന്ദ്ര പന്ത് പറഞ്ഞു. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറി. കൃഷിയിടങ്ങളില്‍ വ്യാപകമായ നാശനഷ്‌ടമുണ്ടായി. അപ്രതീക്ഷിതമായുണ്ടായ ശക്തമായ മഴയില്‍ കര്‍ഷകര്‍ ആശങ്കയിലാണ്.
ആലിപ്പഴം കേരളത്തിലും അത്ഭുതം സൃഷ്‌ടിച്ചു : മാര്‍ച്ച് 24നാണ് ഇടുക്കിയിലെ ഹൈറേഞ്ചുകാര്‍ക്ക് കൗതുക കാഴ്‌ചയേകിയുള്ള ആലിപ്പഴ വര്‍ഷമുണ്ടായത്. വേനല്‍ മഴയ്‌ക്കൊപ്പം ഉണ്ടായ ആലിപ്പഴ വര്‍ഷം ഏലം ഒഴിച്ചുള്ള കൃഷി വിളകള്‍ക്കെല്ലാം ഗുണകരമായി. അതേസമയം ആലിപ്പഴ വര്‍ഷത്തില്‍ ഏലം കര്‍ഷകര്‍ ആശങ്കയിലുമായിരുന്നു. ആനയിറങ്കല്‍ മേഖലയിലും ഈ കാഴ്‌ച കാണാനായി. കൂട്ടമായി പതിച്ച ആലിപ്പഴം മണിക്കൂറുകളോളമാണ് അലിയാതെ മണ്ണില്‍ കിടന്നത്.