രാഹുൽ മാങ്കൂട്ടത്തിലിന് രാജകീയ വരവേൽപ്പ് ഒരുക്കി പ്രവർത്തകർ - യൂത്ത് കോൺഗ്രസ്
Published : Jan 17, 2024, 11:01 PM IST
തിരുവനന്തപുരം: 9 ദിവസത്തെ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് പടക്കം പൊട്ടിച്ചും പുഷ്‌പാവൃഷ്‌ടി നടത്തിയും വൻ വരവേൽപ്പ് ഒരുക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ജീവപര്യന്തം തടവ് വിധിച്ചാലും നാടിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും പ്രവർത്തകരാൽ ജയിലറ നിറക്കും എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. വൈകുന്നേരം 6 മണി മുതൽ തിരുവനന്തപുരം പൂജപ്പുര ജില്ലാ ജയിലിനു മുന്നിൽ രാഹുലിനെ സ്വീകരിക്കാനായി തടിച്ചുകൂടിയ നൂറുകണക്കിന് പ്രവർത്തകർ ജയിൽ നടപടികൾ പൂർത്തിയാക്കി രാഹുൽ പുറത്തിറങ്ങുന്നത് വരെ കാത്തിരുന്നു. രാത്രി 9:30 ആയിരുന്നു രാഹുൽ ജയിൽ മോചിതനായത്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന മുൻ അധ്യക്ഷൻ ഷാഫി പറമ്പിൽ, പിസി വിഷ്‌ണുനാഥ് എംഎൽഎ, മാത്യു കുഴൽനാടൻ, ഡിസിസി പ്രസിഡന്‍റ് പാലോട് രവി തുടങ്ങിയ വിവിധ നേതാക്കളും രാഹുലിനെ സ്വീകരിക്കാൻ ഉണ്ടായിരുന്നു. തന്‍റെ അമ്മ ഉൾപ്പെടെ എല്ലാ അമ്മമാരോടും നന്ദിയുണ്ടെന്നും പിണറായി കിരീടം താഴെ വയ്ക്കണം ജനങ്ങൾ പിന്നാലെയുണ്ട് എന്നും രാഹുൽ കൂട്ടിച്ചേർത്തു. സെക്രട്ടറിയേറ്റ് മാർച്ച്, ഡിജിപി ഓഫീസ് മാർച്ച് എന്നിവയിൽ നാല് കേസുകൾ ആയിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചാർജ് ചെയ്‌തിരുന്നത്. ജില്ലാ കോടതിയിൽ നിന്നുമാണ് രാഹുലിന് ജാമ്യം ലഭിച്ചത്. ഒരുമാസത്തേക്ക് എല്ലാ ചൊവ്വാഴ്‌ചയും സ്റ്റേഷനിലെത്തി ഒപ്പിടണം തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ എത്തിയാണ് ഒപ്പിടേണ്ടത്.