'കേരളത്തിലെ ജനങ്ങളുടെ യഥാർഥ നേതാവ്'; അനുശോചനം രേഖപ്പെടുത്തി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും - Mallikarjun Kharge
ബെംഗളൂരു : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും. ഉമ്മൻ ചാണ്ടിയുടെ മൃതദേഹം പൊതു ദർശനത്തിന് വച്ചിരിക്കുന്ന മുൻ മന്ത്രി ടി ജോണിന്‍റെ ബെംഗളൂരിലെ ഇന്ദിരാനഗറിലെ വീട്ടിൽ എത്തിയാണ് ഇരുവരും അന്തിമോപചാരം അർപ്പിച്ചത്.
കേരളത്തിന്‍റെയും ഇന്ത്യയുടേയും ഊർജമായിരുന്നുവെന്ന് ഉമ്മൻ ചാണ്ടിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ യഥാർഥ നേതാവായിരുന്നു അദ്ദേഹം. ഞങ്ങൾ അദ്ദേഹത്തെ വളരെയധികം സ്‌നേഹിക്കുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിനും അദ്ദേഹത്തെ ഇഷ്‌ടപ്പെടുന്നവർക്കും ഞാൻ അനുശോചനം അറിയിക്കുന്നു. രാഹുൽ ഗാന്ധി പറഞ്ഞു.
ഉമ്മൻ ചാണ്ടി ഒരു ബഹുജന നേതാവായിരുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. അദ്ദേഹത്തിന്‍റെ മരണം രാജ്യത്തിന് തീരാനഷ്‌ടമാണ്. രാജ്യത്തുടനീളമുള്ള നിരവധി നേതാക്കൾ പിന്തുടരുന്ന ജനസമ്പർക്ക പരിപാടി അദ്ദേഹമാണ് ആദ്യമായി ആരംഭിച്ചത്. നേതാവെന്ന നിലയിൽ അദ്ദേഹം എപ്പോഴും ജോലിയിൽ വ്യാപൃതനായിരുന്നു.
ഊണിനെയും ഉറക്കത്തെയും കുറിച്ച് പോലും അദ്ദേഹം ചിന്തിച്ചിരുന്നില്ല. ജനസേവനം മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ശ്രദ്ധ. ഇത്രയും വലിയ നേതാവിനെയാണ് നമുക്ക് നഷ്‌ടമായത്. കെ സി വേണുഗോപാൽ പറഞ്ഞു. അതേസമയം ഇന്ന് 11 മണിക്ക് ശേഷം എച്ച്എഎൽ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഉമ്മൻ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിക്കും.