മിഷന്‍ അരിക്കൊമ്പന്‍ : റേഡിയോ കോളര്‍ ഇന്ന് ഇടുക്കിയിലെത്തും; പ്രതീക്ഷയില്‍ ജനങ്ങള്‍ - വനം വകുപ്പ്
ഇടുക്കി: ജില്ലയിലെ വിവിധയിടങ്ങളിലെ ജനവാസ മേഖലകളിലെത്തി ആക്രമണം നടത്തുന്ന അരിക്കൊമ്പനെ പിടികൂടുമ്പോള്‍ ഘടിപ്പിക്കാനുള്ള ജിപിഎസ് റേഡിയോ കോളര്‍ ഇന്ന് ഇടുക്കിയില്‍ എത്തും. ബെംഗളൂരുവില്‍ നിന്നാണ് റേഡിയോ കോളര്‍ എത്തിക്കുന്നത്. അസമില്‍ നിന്ന് വാങ്ങാന്‍ തീരുമാനിച്ച റേഡിയോ കോളര്‍ ബെംഗളൂരുവില്‍ ലഭ്യമാകുമെന്ന് ഉറപ്പായതോടെ വനം വകുപ്പ് തീരുമാനം മാറ്റുകയായിരുന്നു.
വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ എന്ന സംഘടനയില്‍ നിന്നാണ് റേഡിയോ കോളര്‍ വാങ്ങുന്നത്. അതേസമയം കോടതി വിധിയെ തുടര്‍ന്ന് അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം അനന്തമായി നീണ്ടു പോകുന്നതിന്‍റെ ആശങ്കയിലാണ് നാട്ടുകാര്‍. ദൗത്യം നടപ്പിലാക്കാന്‍ നിശ്ചയിച്ചിരുന്ന മാര്‍ച്ച് 26ന് ശേഷം ഇതുവരെ അഞ്ച് വീടുകളാണ് അരിക്കൊമ്പന്‍ തകര്‍ത്തത്.
ഏതാനും ആഴ്‌ചകളായി ജനവാസ മേഖലയില്‍ തമ്പടിച്ചിരിക്കുകയാണ് അരിക്കൊമ്പന്‍. പകല്‍ സമയത്ത് പിടിയാനയ്‌ക്കും കുട്ടികള്‍ക്കും ഒപ്പം നിലയുറപ്പിക്കുന്ന അരിക്കൊമ്പന്‍ രാത്രിയില്‍ ജനവാസ മേഖലകളിലെത്തി വീടുകള്‍ തകര്‍ക്കുന്നത് പതിവാക്കിയിരിക്കുകയാണ്. അരിക്കൊമ്പനെ ജനവാസ മേഖലയില്‍ നിന്ന് മാറ്റണമെന്ന കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പ്രതീക്ഷയിലാണ് പ്രദേശവാസികള്‍. ആനയെ മാറ്റുന്നതിനുള്ള അനുയോജ്യമായ സ്ഥലം കണ്ടെത്തി ഉടനടി നടപടി പൂര്‍ത്തിയാക്കുമെന്നാണ് നാട്ടുകാരുടെ വിലയിരുത്തല്‍.