'വഴിവെട്ടുന്നതിനിടെ അടി പൊട്ടി'; തിക്കോടിയിലെ വൈറല്‍ കൂട്ടത്തല്ല് - വഴിത്തർക്കം
കോഴിക്കോട്: തിക്കോടിയിൽ വഴിവെട്ടുന്നതുമായി ബന്ധപ്പെട്ട് കൂട്ടയടി. അയൽവാസികൾ തമ്മിലാണ് സംഘർഷമുണ്ടായത്. കഴിഞ്ഞ ശനിയാഴ്‌ച (03.06.2023) നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
തിക്കോടി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കഴിഞ്ഞ 30 കൊല്ലമായി ഈ വഴിത്തർക്കം നിലനിൽക്കുന്നുണ്ട്. നൂറോളം കുടുംബങ്ങൾക്ക് ഉപകാര പ്രദമാകുന്ന ഒരു വഴിക്ക് വേണ്ടി ജനപ്രതിനിധികൾ അടക്കം ഏറെക്കാലമായി പ്രയത്നിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഒടുവിൽ വാർഡ് മെമ്പർ ആർ. വിശ്വന്‍റെ നേതൃത്വത്തിൽ വഴി വെട്ടി മുന്നോട്ട് പോകുമ്പോഴാണ് അടിപൊട്ടിയത്.
സമീപത്തെ ഒരു വീട്ടുകാരൻ തുടക്കമിട്ട തല്ല് അയൽ വീട്ടുകാർ തമ്മിലുള്ള അടിപിടി ആവുകയും പിന്നീടത് കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു. പൊലീസ് ഇടപെട്ടതോടെ വിഷയം പരിഹരിക്കാനുള്ള വഴി തേടി. പഞ്ചായത്തിൽ സർവകക്ഷി യോഗം വിളിച്ച് പ്രശ്‌നം പരിഹാരിക്കാന്‍ തീരുമാനിച്ചു. ചുരുക്കത്തിൽ ഒരു കൂട്ടത്തല്ലോടെ മൂന്ന് പതിറ്റാണ്ട് കാലത്തെ തർക്കം ശുഭപര്യവസായിയായി.
ഇക്കഴിഞ്ഞ ജനുവരിയില്‍ മേപ്പയ്യൂരിലെ കല്യാണ വീട്ടില്‍ ഉണ്ടായ കൂട്ടത്തല്ലിന്‍റെ ദൃശ്യങ്ങളും വൈറലായിരുന്നു. ചെക്കന്‍റെ കൂട്ടര്‍ പടക്കം പൊട്ടിച്ചത് പെണ്‍വീട്ടുകാര്‍ ചോദ്യം ചെയ്‌തതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. 'തല്ലുമാല'യെ വെല്ലുന്ന അടിയാണ് കല്യാണ വീട്ടില്‍ അന്ന് അരങ്ങേറിയത്.