Puthuppally Bypoll | കെട്ടിവെയ്ക്കാനുള്ള തുക നല്‍കിയത് സിഒടി നസീറിന്‍റെ അമ്മ, നാമനിർദ്ദേശ പത്രിക സമർപ്പിച്ച ചാണ്ടി ഉമ്മൻ - മോൻസ് ജോസഫ്
കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനായി യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നാമനിർദേശ പത്രിക സമർപ്പിച്ചു. പളളിക്കത്തോട്ടിലുള്ള പാമ്പാടി ബ്ലോക്ക് ഓഫിസിൽ അസിസ്‌റ്റന്‍റ് റിട്ടേണിങ് ഓഫിസർ ദിൽഷാദ്.ഇ മുമ്പാകെ വ്യാഴാഴ്‌ച രാവിലെ 11.30 നാണ് ചാണ്ടി ഉമ്മന്‍ നാമനിർദേശ പത്രിക സമർപ്പിച്ചത്. മൂന്നു സെറ്റ് പത്രികയാണ് ചാണ്ടി ഉമ്മൻ സമർപ്പിച്ചത്. അതേസമയം ചാണ്ടി ഉമ്മന് തെരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള തുക നൽകിയത് ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയായ കണ്ണൂർ സ്വദേശി സിഒടി നസീറിന്‍റെ മാതാവാണ്. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, അഡ്വ.മോൻസ് ജോസഫ്, മുൻ മന്ത്രി കെ.സി ജോസഫ്, ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് എന്നിവർക്കൊപ്പമാണ് ചാണ്ടി ഉമ്മന്‍ പത്രിക നൽകാനെത്തിയത്. നൂറുക്കണക്കിന് പ്രവർത്തകർക്കൊപ്പം കാൽനടയായി വന്നായിരുന്നു സ്ഥാനാര്‍ഥി നാമനിർദേശ പത്രിക നൽകിയത്. കഴിഞ്ഞദിവസം (16.08.2023) എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി തോമസും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. കോട്ടയം ആർഡിഒ വിനോദ് രാജ് മുമ്പാകെ എത്തിാണ് ജെയ്‌ക് പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ് പത്രികകള്‍ തന്നെയാണ് ജെയ്‌കും സമര്‍പ്പിച്ചത്. സിപിഎം കോട്ടയം ജില്ല കമ്മിറ്റി ഓഫിസിൽ നിന്ന് നേതാക്കൾക്കും അണികൾക്കും ഒപ്പം പ്രകടനമായാണ് ജെയ്‌ക് താലൂക്ക് ഓഫിസിലേക്ക് എത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, മന്ത്രി വി.എൻ വാസവൻ എന്നിവർ കഴിഞ്ഞദിവസം ജെയ്‌ക്കിനെ പൊന്നാട അണിയിച്ചിരുന്നു.