Puthuppally byelection | പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് : വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന നടത്തി - voting machines test
കോട്ടയം :പുതുപ്പള്ളി നിയമസഭ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനുള്ള വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന നടന്നു. ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ല കലക്‌ടർ വി വിഗ്നേശ്വരിയുടെയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ് റൂമിൽ നിന്നു പുറത്തെടുത്ത് പരിശോധിച്ചത്. തിരുവാതുക്കൽ എപിജെ അബ്‌ദുല്‍ കലാം ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന ഇവിഎം വെയർഹൗസിലാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഇവിടെ സൂക്ഷിച്ചിരുന്ന യന്ത്രങ്ങൾ പുറത്തെടുത്ത് പഴയ സ്റ്റിക്കറുകളും ബാലറ്റുകളും സീലുകളും നീക്കം ചെയ്‌ത് പ്രവർത്തന സജ്ജമാണോ എന്ന് നിരീക്ഷിക്കുന്ന പ്രാഥമിക പരിശോധനയാണ് നടന്നത്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിലെ ആറ് എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്‌ടർമാരായ ജിയോ ടി മനോജ്, എൻ സുബ്രഹ്മണ്യം, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ജനതാദാൾ സെക്കുലർ എന്നീ പാർട്ടികളുടെ പ്രതിനിധികളും പരിശോധനയിൽ പങ്കാളികളായിരുന്നു. സെപ്റ്റംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ് നടക്കുക.