Puthuppally Byelection| പേരെടുത്ത് വിളിച്ചും സൗഹൃദം പുതുക്കിയും പ്രചാരണം കൊഴുക്കുന്നു, പുതുപ്പള്ളിയിൽ ജെയ്‌ക്കിനിത് മൂന്നാമങ്കം - ജെയ്‌ക് സി തോമസ്
കോട്ടയം :പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ (Puthuppally Byelection) ഭാഗമായി മണ്ഡലത്തിൽ സജീവ പ്രചാരണത്തിനിറങ്ങി എൽ ഡി എഫ് സ്ഥാനാർഥി ജെയ്‌ക് സി തോമസ് (jaick c thomas). ഇന്ന് പുതുപ്പള്ളി പൂമറ്റം ഭാഗത്തായിരുന്നു പ്രചാരണ പരിപാടി. മൂന്നാമങ്കത്തിന് കളത്തിലിറങ്ങുമ്പോൾ ഏറെപ്പേർക്കും ജെയ്‌ക് എന്ന സ്ഥാനാർഥി സുപരിചിതനാണ്. പേരെടുത്ത് വിളിച്ചും സൗഹൃദം പുതുക്കിയും അവര്‍ക്കൊപ്പം സമയം ചിലവിട്ടുമാണ് ജെയ്‌ക് ഓരോരുത്തരോടും വോട്ട് അഭ്യാർഥിക്കുന്നത്. പലര്‍ക്കും നാടിനെക്കുറിച്ച് പറയാനുള്ള കാര്യങ്ങളും ജെയ്‌ക്കിനോട് അവര്‍ പങ്കുവയ്‌ക്കുന്നുണ്ട്. ചുരുങ്ങിയ പ്രചാരണ ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ ആളുകളെ നേരില്‍ കാണാനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. അതിനായി സ്‌ക്വാഡുകളും സജീവമായി കഴിഞ്ഞു. കൊവിഡ് കാലത്തും പ്രളയകാലത്തും നാടിന്‍റെ ഓരോ മേഖലയിലും ഡി വൈ എഫ് ഐ വളണ്ടിയറായി ഓടി എത്തിയ ജെയ്‌ക്കിന് പ്രചാരണത്തിന് ഓടി നടക്കാൻ പ്രയാസമില്ല. മുഖ്യമന്ത്രി കൂടി ഇലക്ഷൻ പ്രചാരണത്തിന് മണ്ഡലത്തിൽ ഏത്തുന്നതോടെ പ്രചാരണം ആവേശമായി മാറും. ഓഗസ്റ്റ് 24, 30 തിയതികളിലും, സെപ്‌റ്റംബർ ഒന്നിനും പുതുപ്പള്ളി നിയമസഭ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും മുഖ്യമന്ത്രി കൺവെൻഷനുകളിൽ പങ്കെടുക്കും.