puthupally byelection candidates campaign യുവത്വം മാറ്റുരയ്ക്കുന്ന പുതുപ്പള്ളി, മണ്ഡലം നിറഞ്ഞ് സ്ഥാനാർഥികൾ - puthupally byelection candidates campaign
കോട്ടയം : ഉപതെരഞ്ഞെടുപ്പ് പ്രചാരണ ചൂടിലാണ് പുതുപ്പള്ളി. മത്സര ചിത്രം വ്യക്തമായതോടെ എൽഡിഎഫ് (LDF), യുഡിഎഫ് (UDF), എൻഡിഎ (NDA) സ്ഥാനാർത്ഥികൾ പ്രാചരണം ശക്തമാക്കി. യുഡിഎഫ് (UDF) സ്ഥാനാർഥി ചാണ്ടി ഉമ്മൻ, എൽഡിഎഫ് (LDF) സ്ഥാനാർഥി ജെയ്ക്ക് സി തോമസ്, എൻഡിഎ (NDA) സ്ഥാനാർഥി ലിജിൻ ലാൽ എന്നിവർ മണ്ഡലത്തിലെ ജനങ്ങളെ നേരിൽ കണ്ട് വോട്ടഭ്യർഥിക്കുന്ന തിരക്കിലാണ്. വീടുകൾ സന്ദർശിച്ച് വോട്ടഭ്യർഥിക്കുകയാണ് ചാണ്ടി ഉമ്മൻ. ഇഞ്ചക്കാട്ടു കുന്നിലെത്തിയ ചാണ്ടി ഉമ്മന് മികച്ച സ്വീകരണമാണ് നാട്ടുകാർ നല്‍കിയത്. പാമ്പാടി ദയറയിൽ പുരോഹിതൻമാരുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തും ജില്ലയ്ക്ക് പുറത്തുള്ള വ്യക്തികളെ കണ്ടും കുടുംബസംഗമങ്ങളിൽ പങ്കെടുത്തുമാണ് കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മൻ പ്രചാരണം അവസാനിപ്പിച്ചത്. എൽഡിഎഫ് (LDF) സ്ഥാനാർഥി ജെയ്‌ക് സി തോമസ് അകലക്കുന്നം പഞ്ചായത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം പ്രചാരണം തുടങ്ങിയത്. മറ്റക്കര സെന്‍റ് ജോസഫ് ഹൈസ്‌കൂളിൽ എത്തിയ സ്ഥാനാർഥിയെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വരവേറ്റു. മഞ്ഞാമറ്റത്ത് തൊഴിലുറപ്പ് തൊഴിലാളികളെ കണ്ട് വോട്ടു ചോദിച്ചു. തുടര്‍ന്ന് ജെയ്‌ക് പാമ്പാടി ദയറായിലേക്ക് പോയി. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭ കോര്‍ എപ്പിസ്കോപ്പ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തു. ഉച്ചയ്ക്കുശേഷം കൂരോപ്പട , കോത്തല എന്നിവിടങ്ങളിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാർഥിയുടെ പര്യടനം. എൻഡിഎ (NDA) സ്ഥാനാർഥി ലിജിൻ ലാൽ മണ്ഡല ത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. മീനടം ക്ഷേത്ര ദർശനത്തോടെ പ്രചരണ പരിപാടികൾ ആരംഭിച്ചു. മീനടം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.