കുർബാന ഏകീകരണം : അങ്കമാലി അതിരൂപത ആസ്ഥാന ദേവാലയത്തില്‍ പ്രതിഷേധം ശക്തമാക്കി വിശ്വാസികളും വൈദികരും - ആന്‍ഡ്രൂസ് താഴത്ത്
എറണാകുളം : അങ്കമാലി അതിരൂപത ആസ്ഥാന ദേവാലയമായ സെന്‍റ് മേരീസ് ബസിലിക്കയിൽ പ്രതിഷേധം ശക്തമാക്കി വിശ്വാസികളും വൈദികരും. കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്ന് ബസിലിക്ക ദേവാലയം കഴിഞ്ഞ ഏഴ് മാസത്തിലേറെയായി അടഞ്ഞുകിടക്കുകയാണ്. ജനാഭിമുഖ കുർബാന നടന്നുവരുന്ന ബസിലിക്ക പള്ളിയിൽ, സിനഡ് തീരുമാനപ്രകാരമുള്ള അൾത്താരാഭിമുഖ കുർബാന നടപ്പിൽ വരുത്താൻ കഴിയാത്തതിനെ തുടർന്ന് നിലവിലെ വികാരി ഫാദർ ആന്‍റണി നരിക്കുളത്തെ അപ്പസ്തോലിക്ക് അഡ്‌മിനിസ്ട്രേറ്ററും കർദിനാൾ ആലഞ്ചേരിയുടെ പക്ഷക്കാരനുമായ മാർ ആൻഡ്രൂസ് താഴത്ത് സ്ഥലം മാറ്റിയിരുന്നു.
പകരം നിയമിച്ച ഫാദർ ആന്‍റണി പൂതവേലിയെ അംഗീകരിക്കില്ലെന്നാണ് വിശ്വാസികളുടെ നിലപാട്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ആറ് ദിവസമായി വിശ്വാസികൾ നടത്തുന്ന ഉപരോധ സമരത്തിൽ ഇന്ന് മുതൽ വൈദികരും പങ്കെടുക്കുന്നുണ്ട്. സിറോ മലബാർ സഭാ തീരുമാനത്തിനെതിരെയാണ് സഭയ്ക്ക് കീഴിലുള അതിരൂപതയിലെ വൈദികർ പരസ്യമായി സമരത്തിനിറങ്ങുന്നത്.
സ്ഥലം മാറ്റത്തിനെതിരെ പ്രതികരിച്ച് ഫാദർ ആന്‍റണി നരിക്കുളം :അതേസമയം സ്ഥലം മാറ്റത്തിനെതിരെ ഫാദർ ആന്‍റണി നരിക്കുളം സഭാ നിയമപ്രകാരം പരാതി നൽകിയിരിക്കുകയാണ്. തന്‍റെ അപേക്ഷപ്രകാരമല്ല ചുമതല ഒഴിഞ്ഞതെന്നും ജൂലൈ നാലാം തീയതി അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ തനിക്ക് നൽകിയ കൽപ്പന പ്രകാരമാണ് ഒഴിവായതെന്നും മറിച്ചുള്ള പ്രചാരണം ശരിയല്ലെന്നും ഫാദർ ആന്‍റണി നരിക്കുളം അറിയിച്ചു. ജൂലൈ എട്ടാം തീയതി അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ നൽകിയ കല്‍പ്പന അനുസരിച്ച് താൻ ബസിലിക്കയിൽ നിന്ന് ഒഴിവായി മറ്റൊരിടത്ത് ചാർജ് എടുക്കേണ്ടിയിരുന്നതാണെന്നും എന്നാൽ, നിയമപരമായി മറ്റൊരു ചുമതല ഏറ്റെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.
ഈ കൽപ്പന സംബന്ധിച്ച് താന്‍ മേലധികാരികൾക്ക് റീകോഴ്‌സ് (Recourse) കൊടുത്തിരിക്കുന്നതുകൊണ്ട് തന്‍റെ വികാരിസ്ഥാനം തുടരുമെന്നാണ് ലഭിച്ച നിയമോപദേശം. പള്ളിമേടയിൽനിന്ന് താമസം മാറ്റേണ്ടത് നിയമപരമായി ആവശ്യമാണെന്നും മനസിലാക്കുന്നു. സഭയിലെ നിയമവ്യവസ്ഥകൾ ഉപയോഗപ്പെടുത്താൻ എല്ലാവർക്കും അവകാശമുള്ളതുകൊണ്ടാണ് മേലധികാരികൾക്ക് ഒരു റീകോഴ്‌സ് നല്‍കി ആ അവകാശവും കടമയും നിർവഹിക്കുന്നത്.
അതിന്‍റെ വിധി അനുകൂലമോ പ്രതികൂലമോ ആയാലും, ആ വിധി വരുന്നതുവരെ നിയമപരമായി താൻ കത്തീഡ്രൽ ബസിലിക്കയുടെ വികാരിയാണ്. അനുസരണക്കേട് കാണിച്ചതിന്‍റെ പേരിലാണ് തന്നെ സ്ഥലം മാറ്റിയതെന്ന് സോഷ്യൽ മീഡിയയിൽ ധാരാളമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ചില വ്യക്തികളും ഗ്രൂപ്പുകളും സോഷ്യൽ മീഡിയയിലൂടെ തന്നെ തേജോവധം ചെയ്യാനും മറ്റും കിണഞ്ഞ് പരിശ്രമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അനുസരണക്കേടായി വ്യാഖ്യാനിച്ചാല്‍ ഒന്നും പറയാനില്ലെന്ന് ഫാദര്‍ ആന്‍റണി : സത്യത്തിന് ഒരു മുഖമല്ലേയുള്ളൂ എന്നതാണ് സമാധാനപ്പെടുത്തുന്നത്. അഡ്‌മിനിസ്ട്രേറ്ററെ അനുസരിക്കില്ലെന്ന് ഒരിക്കൽ പോലും താൻ പറഞ്ഞിട്ടില്ല. മറിച്ച്, പിതാവിന് പതിനൊന്ന് മാസമായിട്ടും ബസിലിക്കയിൽ ഒരു കുർബാന പോലും അർപ്പിക്കാൻ സാധിക്കാത്ത സാഹചര്യം എന്‍റെ കാര്യത്തിലും വാസ്‌തവമാണെന്ന വസ്‌തുത ഞാൻ പലവുരു പറഞ്ഞിട്ടുണ്ടെന്ന് മാത്രം.
അതിനെ അനുസരണക്കേടായി ആരെങ്കിലും വ്യാഖ്യാനിച്ചാൽ എനിക്കൊന്നും പറയാനില്ല. വികാരിയെ മാറ്റിയാൽ ബസിലിക്കയിലെ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമെന്ന് നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരുന്നവരുടെ സമ്മർദം പിതാവിന് ഉണ്ടായിരുന്നോ എന്നറിയില്ലെന്നും സെന്‍റ് മേരീസ് ബസിലിക്ക പള്ളി ഫാദർ ആന്‍റണി നരിക്കുളം ചൂണ്ടിക്കാട്ടി. എറണാകുളം അതിരൂപത കത്തീഡ്രൽ ബസിലിക്ക വികാരിയായി ഫാ. ആന്‍റണി പൂതവേലിയെ അംഗീകരിക്കില്ലെന്ന് ബസിലിക്ക ഇടവക പാരിഷ് കൗൺസിൽ, കുടുംബ യൂണിറ്റ് ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗം തീരുമാനിച്ചിട്ടുണ്ട്.
ഇഡിക്ക് മുന്നില്‍ ഹാജരാകാതെ മാര്‍ ആന്‍ഡ്രൂസ് താഴത്ത് :സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് മുന്നിൽ മാർ ആൻഡ്രൂസ് താഴത്ത് ഇന്നും ഹാജരായില്ല. കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നു. ഇത് രണ്ടാം തവണയാണ് ആൻഡ്രൂസ് താഴത്ത് ഹാജരാകാത്തത്.
സാവകാശം തേടി ഇഡിക്ക് അദ്ദേഹം കത്ത് നൽകിയിട്ടുണ്ട്. സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പടെയുള്ളവരെയും ഇഡി ചോദ്യം ചെയ്തേക്കും.