അനിശ്ചിത കാല ബസ് സമരം; സംഘടനകൾ തമ്മിൽ ഭിന്നത; പണിമുടക്ക് പൂര്‍ണ പരാജയമാകുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ
കാസര്‍കോട്: സ്വകാര്യ ബസ് സമരത്തിൽ സംഘടനകൾ തമ്മിൽ ഭിന്നത. ജൂൺ ഏഴിന് പ്രഖ്യാപിച്ച സംയുക്ത സമര സമിതിയുടെ പണിമുടക്ക് പരാജയപ്പെടുമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷൻ. അംഗങ്ങളില്ലാത്ത സംഘടനകളാണ് സംയുക്ത സമര സമിതിക്കുള്ളത്.
ജൂണ്‍ ഏഴിന് പണിമുടക്ക് നടത്തിയാല്‍ സംസ്ഥാനത്തെ അഞ്ച് ശതമാനം ബസുകള്‍ പോലും സമരത്തില്‍ പങ്കെടുക്കില്ലെന്നും ഇതോടെ സമരം പരാജയപ്പെടുമെന്നും പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷൻ ട്രഷറര്‍ ഹംസ ഏരിക്കുന്നേൽ പറഞ്ഞു. അതേസമയം ഫെഡറേഷന്‍ നിരാഹാര സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് മിനിമം അഞ്ച് രൂപയാക്കണം. കണ്‍സഷന് പ്രായപരിധി നിശ്ചയിക്കണം. ബസുകള്‍ക്ക് ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റ് നിലനിര്‍ത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജൂണ്‍ ഏഴ് മുതല്‍ ബസുടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.
വിഷയവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവുമായി ബസുടമകള്‍ ചര്‍ച്ച നടത്തിയെങ്കിലും ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മാത്രമാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ യാതൊരുവിധ ഉറപ്പും ലഭിക്കാത്തതിനെ തുടര്‍ന്നാണ് സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.