സൈഡ് നല്‍കിയില്ല, കാര്‍ യാത്രികനെ പിടിച്ചിറക്കി മര്‍ദിച്ചു ; സ്വകാര്യ ബസ് ജീവനക്കാരനെതിരെ പരാതി
Published : Dec 26, 2023, 12:05 PM IST
കോഴിക്കോട്:വടകര കുട്ടോത്ത് കാര്‍ യാത്രികനെ സ്വകാര്യബസ് ജീവനക്കാരന്‍ മര്‍ദിച്ചതായി പരാതി. മൂരാട് സ്വദേശി സാജിദ് കൈരളിക്കാണ് മര്‍ദനമേറ്റത്. കുടുംബവുമൊത്ത് സാജിദ് കാറില്‍ യാത്രചെയ്യുന്നതിനിടെ ബസിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. കാര്‍ തടഞ്ഞായിരുന്നു ബസ് ജീവനക്കാരന്‍ സാജിദിനെ മര്‍ദിച്ചത്. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാര്‍ യാത്രികനായ സാജിദ് ബസിന് സൈഡ് നല്‍കാത്തതാണ് ബസ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. കാറിനെ മറികടന്ന ബസ് റോഡിന് നടുഭാഗത്തായി നിര്‍ത്തി. തുടര്‍ന്ന് ഡ്രൈവിങ് സീറ്റിലിരുന്ന സാജിദിനെ പുറത്തിറക്കി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇന്നലെ (ഡിസംബര്‍ 25) വൈകുന്നേരമാണ് സംഭവം നടന്നത്. സ്വകാര്യ ബസ് ജീവനക്കാരന്‍റെ മര്‍ദനത്തിന് ഇരയായ സാജിദ് വടകര സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. വടകര പൊലീസ് സ്റ്റേഷനിലാണ് സംഭവവുമായി ബന്ധപ്പെട്ട പരാതി സാജിദ് നല്‍കിയിരിക്കുന്നത്. സാജിദിന്‍റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ ബസിന്‍റെ സമയമാറ്റത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.