കൊല്ലം സുധിയുടെ സ്വപ്‌നം സഫലമാവും; കുടുംബത്തിന് വീട് വയ്‌ക്കാൻ സൗജന്യമായി സ്ഥലം നൽകി ക്രൈസ്‌തവ പുരോഹിതൻ - deceased actor Sudhi
കോട്ടയം :വാഹനാപകടത്തിൽ മരണപ്പെട്ട സിനിമ താരവും മിമിക്രി ആർട്ടിസ്റ്റുമായിരുന്ന കൊല്ലം സുധിയുടെ കുടുംബത്തിന് വീട് നിർമിക്കുന്നതിനായി സ്ഥലം സൗജന്യമായി വിട്ടുനൽകി ക്രൈസ്‌തവ പുരോഹിതൻ. ആംഗ്ലിക്കൻ ചർച്ച് ഡയോസിസ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ മിഷനറി ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ ആണ് സുധിയുടെ കുടുംബത്തിന് ഏഴ് സെന്‍റ് സ്ഥലം ഇഷ്‌ടദാനമായി നൽകിയത്. വീടിനായി കണ്ടെത്തിയ സ്ഥലത്തിന്‍റെ ആധാരം രജിസ്റ്റർ ചെയ്യുന്ന നടപടികൾ ഇതിനകം പൂർത്തിയായി. കഴിഞ്ഞ ജൂൺ അഞ്ചിനാണ് തൃശൂരിലുണ്ടായ വാഹനാപകടത്തിൽ കൊല്ലം സുധി മരിച്ചത്. സ്വന്തമായി ഭൂമിയും അതിലൊരു വീടും എന്ന സ്വപ്‌നം ബാക്കിയാക്കിയായിരുന്നു സുധി യാത്രയായത്. സുധിയുടെ കുടുംബത്തിന്‍റെ നിസഹായാവസ്ഥ മനസിലാക്കിയാണ് പുരോഹിതൻ സ്ഥലം ഇഷ്‌ടദാനമായി നൽകാൻ തയാറായത്. ചങ്ങനാശ്ശേരിക്ക് സമീപം തൃക്കൊടിത്താനം പഞ്ചായത്തിലാണ് സുധിയുടെ കുടുംബത്തിന് സ്വപ്‌നം ഭവനം ഒരുങ്ങുക. സ്ഥലത്തിന്‍റെ ആധാരം സുധിയുടെ ഭാര്യ രേഷ്‌മ, മക്കളായ രാഹുൽ, ഋതിൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സുധി പ്രവൃത്തിച്ചിരുന്ന സ്വകാര്യ ചാനലാണ് കുടുംബത്തിന് വീട് നിർമിച്ചു നൽകുക.