സ്‌മാര്‍ട്ടായി അങ്കണവാടികൾ, കുരുന്നുകളെ വരവേറ്റ് മന്ത്രിമാർ; 'ചിരി കിലുക്കം' ആയി പ്രവേശനോത്സവം
തിരുവനന്തപുരം : സംസ്ഥാനത്ത് പുതുതായി ആരംഭിച്ച സ്‌മാര്‍ട്ട് അങ്കണവാടികള്‍ പ്രവേശനോത്സവത്തിലൂടെ അധ്യയന വര്‍ഷത്തിലേക്ക് കടന്നു. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പൂജപ്പുരയില്‍ മന്ത്രിമാരായ വീണ ജോര്‍ജും വി ശിവന്‍കുട്ടിയും ചേര്‍ന്ന് ഉദ്‌ഘാടനം ചെയ്‌തു. ശിശുക്ഷേമ സമിതിയിലെ 14 കുട്ടികളെ മന്ത്രി ആർ ബിന്ദു അങ്കണവാടിയിൽ സ്വീകരിച്ചു.
വീട്ടിലിരുന്ന് തങ്ങള്‍ ആസ്വദിച്ച് കണ്ട ടി വി കാര്‍ട്ടൂണുകള്‍ കാണാന്‍ കഴിയില്ലെന്ന സങ്കടമായിരുന്നു അങ്കണവാടിയിലേക്ക് വരുമ്പോള്‍ കുഞ്ഞു മനസുകളിലുണ്ടായിരുന്നത്. എന്നാല്‍ അങ്കണവാടിയിലെത്തിയപ്പോള്‍ കഥ മാറി. ടി വിയിലെ തങ്ങളുടെ പ്രിയ കാര്‍ട്ടൂണുകള്‍ അങ്കണവാടികളിലും ഉണ്ടായിരുന്നു.
കളി ചിരികളുമായി കരുതലിന്‍റെ ലോകത്തേക്ക് വന്നവരെ സ്‌മാര്‍ട്ട് അങ്കണവാടികളുമായാണ് ശിശു വികസന വകുപ്പ് സ്വാഗതം ചെയ്‌തത്. 'ചിരി കിലുക്കം' എന്നാണ് പ്രവേശനോത്സവത്തിന് പേരിട്ടിരിക്കുന്നത്. പഠനോപകരണങ്ങൾക്കൊപ്പം കളിപ്പാട്ടങ്ങളും പ്ലേ ഗ്രൗണ്ടുമെല്ലാമായി കളറായ അങ്കണവാടികളാണ് കുട്ടികൾക്കായി കാത്തുവച്ചത്. ഇതൊക്കെയും കണ്ട് കുഞ്ഞുങ്ങളും ആവേശത്തിലാണ്.
അങ്കണവാടികളിലെ പതിവ് ഭക്ഷണ മെനുവിന് പുറമേ ആഴ്‌ചയില്‍ രണ്ടുദിവസം പാലും മുട്ടയും, കുട്ടികള്‍ക്കെതിരായ അതിക്രമം റിപ്പോര്‍ട്ട് ചെയ്യുന്നതിന് രക്ഷിതാക്കള്‍ക്കായി 'കുഞ്ഞാപ്പ് ' എന്ന മൊബൈല്‍ ആപ്പ്, കുട്ടികള്‍ക്കായി സ്‌പോണ്‍സര്‍ഷിപ്പ് പ്രോഗ്രാം തുടങ്ങി വിവിധ പദ്ധതികളുമായാണ് സംസ്ഥാനത്തെ അങ്കണവാടികള്‍ തുറന്നിരിക്കുന്നത്.
അങ്കണവാടിയിലെ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. ജൂൺ അഞ്ച് വരെ സസ്‌നേഹം, പ്രകൃതി നടത്തം, ഒരു തൈ നടാം എന്നിങ്ങനെ കേരളത്തിലെ 33,115 അങ്കണവാടികളിൽ ആഘോഷങ്ങൾ നടത്തുന്നുണ്ട്..