Police Station As Guarantee For Bank Loan : ലോണിനായി സ്വകാര്യ വ്യക്തി ഈടുവച്ചത് പൊലീസ് സ്റ്റേഷൻ ; തിരിച്ചടവ് മുടങ്ങിയതോടെ ജപ്‌തി - വെള്ളത്തൂവൽ പൊലീസ് സ്റ്റേഷൻ
Published : Sep 8, 2023, 8:03 AM IST
ഇടുക്കി : വെള്ളത്തൂവലിൽ സ്വകാര്യ വ്യക്തി ബാങ്കിൽ നിന്ന് വായ്‌പ എടുക്കാനായി ഈടുവച്ചത് പൊലീസ് സ്റ്റേഷനും ക്വാർട്ടേഴ്‌സും നില്‍ക്കുന്ന ഭൂമി (Police Station As Guarantee For Bank Loan). വായ്‌പ മുടങ്ങിയതിനെ തുടർന്ന്, ജപ്‌തി ചെയ്‌ത് ലേലത്തിന് വച്ച ഭൂമി ഏറ്റെടുത്തയാൾ, അളന്ന് തിരിക്കാൻ നൽകിയ ഹർജിയെ തുടർന്നാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനും (vellathooval police station) ക്വാർട്ടേഴ്‌സും അടങ്ങുന്ന 2.4 ഏക്കറോളം ഭൂമിയാണ് സ്വകാര്യ വ്യക്തി ഈടുവച്ച് ലോൺ എടുത്തത്. വെള്ളത്തൂവൽ സ്വദേശിയായ സി ബി രമേശൻ ഫെഡറൽ ബാങ്ക് അടിമാലി ശാഖയിൽ നിന്ന് വായ്‌പ എടുക്കാൻ വർഷങ്ങൾക്ക് മുൻപ് ഈട് നൽകിയ മൂന്ന് ഏക്കർ ഭൂമിയിലാണ് പൊലീസ് സ്റ്റേഷനും ക്വാര്‍ട്ടേഴ്‌സും ഉൾപ്പെട്ടിരിക്കുന്നത്. വായ്‌പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് നടപടി എടുക്കുകയും ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ മുഖേന ജപ്‌തി നടപ്പാക്കുകയും ചെയ്‌തു. ലേലത്തിൽ വച്ച ഭൂമി 2012ൽ നായരമ്പലം സ്വദേശി കെ പി ജോഷി വാങ്ങുകയായിരുന്നു. തുടർന്ന് ഈ ഭൂമിയുടെ അതിർത്തി നിർണയിച്ച് അളന്ന് തിട്ടപ്പെടുത്താനായി ഭൂവുടമ ഡിആർടിയെ സമീപിച്ചു. പിന്നാലെ സ്ഥലം അളന്ന് സർവേ നടപടികൾക്കായി അഭിഭാഷക കമ്മിഷനെയും താലൂക്ക് സർവേയറെയും ചുമതലപ്പെടുത്തി. അഭിഭാഷക കമ്മിഷന്‍റെ സാന്നിധ്യത്തിൽ താലൂക്ക് സർവേയർ ഭൂമി അളന്ന് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിൽ (ഡിആർടി) സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് സ്റ്റേഷനും വകുപ്പിന്‍റെ ഭൂമിയും സംബന്ധിച്ച കാര്യം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിശദീകരണം തേടി ഡിആർടിയിലെ റിക്കവറി ഓഫിസറുടെ നോട്ടിസ് ലഭിച്ചപ്പോഴാണ് വെള്ളത്തൂവൽ പൊലീസ് വിവരം അറിയുന്നത്. 2023 ജൂൺ 20നാണ് ഇതുസംബന്ധിച്ച നോട്ടിസ് പൊലീസിന് ലഭിച്ചത്. നോട്ടിസ് ലഭിച്ചതോടെ ഭൂമി സംബന്ധിച്ച റിപ്പോർട്ട് തെറ്റാണെന്നുകാട്ടി അഭിഭാഷകൻ മുഖേന ജല്ല പൊലീസ് മേധാവി ഡിആർടിയിൽ പ്രാഥമിക വിശദീകരണം നൽകി. ദേവികുളം താലൂക്ക് വെള്ളത്തൂവൽ വില്ലേജിലെ 19/1 സർവേ നമ്പറിൽ വരുന്ന ഭൂമിയിലാണ് വെള്ളത്തൂവൽ പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഈ ഭൂമി പൊലീസ് വകുപ്പിന് കൈമാറാൻ അനുമതി നൽകി 1989 ഡിസംബർ ആറിന് ജില്ല കലക്‌ടർ പുറപ്പെടുവിച്ച ഉത്തരവടക്കം പൊലീസ് ഡിആർടിയിൽ ഹാജരാക്കിയിട്ടുണ്ട്.