സൈനികനെ പൊലീസ് മർദിച്ചതായി പരാതി, ആക്രമണം പ്രതിരോധിച്ചതെന്ന് പൊലീസ്; സൈനികൻ അറസ്‌റ്റിൽ
കൊല്ലം:പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാർ സൈനികനെ മര്‍ദിച്ചതായി പരാതി. കൊട്ടിയം ചെന്താപ്പൂര് സ്വദേശി കിരൺകുമാറിനെയാണ് കൊട്ടിയം പൊലീസ് വീട്ടിൽ കയറി അതിക്രൂരമായി മർദിച്ചെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. കിരൺകുമാറിനെ പൊലീസ് മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നു.
കഴിഞ്ഞ ദിവസം രാത്രി 8.30 നാണ് സംഭവം നടന്നത്. അതേ സമയം, പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ കിരൺ അക്രമിക്കുകയായിരുന്നുവെന്നും പ്രതിരോധിക്കുക മാത്രമായിരുന്നു പൊലീസ് ചെയ്‌തതെന്നുമാണ് പൊലീസ് ഭാഷ്യം. മർദനം തടയാൻ ശ്രമിച്ച കിരണിന്‍റെ മാതാവ് ഉഷാകുമാരിയ്‌ക്കും പരിക്കേറ്റു.
ചെന്താപ്പുര് എൻ എസ് എസ് കരയോഗത്തിന്‍റെ പൊതുയോഗത്തിലുണ്ടായ തർക്കമാണ് പ്രശ്‌നത്തിന് കാരണമായത്. കിരൺകുമാറിന്‍റെ പിതാവ് തുളസീധരൻ പിള്ളയെ കരയോഗം ഭാരവാഹികൾ മർദിച്ചതായും ഇത് ചോദ്യം ചെയ്‌ത കിരണിനെതിരെ കരയോഗം പ്രസിഡന്‍റ് പൊലീസിൽ പരാതി നൽകിയതായുമാണ് വിവരം. ഈ പരാതി അന്വേഷിക്കാനെത്തിയപ്പോഴാണ് പൊലീസ് കിരൺ കുമാറിനെ മർദിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്.
പരിക്കേറ്റ ഉഷാകുമാരി ജില്ല ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെക്കുറിച്ച് ചാത്തന്നൂർ എ സി പി അന്വേഷിക്കും. കിരണിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.