Police Officer threatened by CPM leader | 'ആവശ്യമില്ലാത്ത പരിപാടി വേണ്ട, ഞാനങ്ങോട്ട് വന്നാലുണ്ടല്ലോ' ; പൊലീസുകാരനെ ഭീഷണിപ്പെടുത്തി CPM നേതാവ് - kerala news updates
ആലപ്പുഴ:പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന സിപിഎം (CPI(M)) നേതാവിന്‍റെ ശബ്‌ദ രേഖ പുറത്ത്. സിപിഎം കഞ്ഞിക്കുഴി ലോക്കല്‍ സെക്രട്ടറി ഹെബിന്‍ ദാസിന്‍റെയും നാര്‍ക്കോട്ടിക് സെല്‍ ഗ്രേഡ് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഷൈനിന്‍റെയും ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. കഞ്ഞിക്കുഴിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് എത്തുന്ന യുവാക്കളെയും പെണ്‍കുട്ടികളെയും പൊലീസ് എത്തി സ്ഥലത്തുനിന്നും തിരിച്ചയച്ചത് സംബന്ധിച്ചാണ് ഇരുവരും സംസാരിക്കുന്നത്. സ്ഥലത്തെത്തിയ യുവാക്കളുടെ കൂട്ടത്തില്‍ ഹെബിന്‍ ദാസിന്‍റെ ബന്ധുവും ഉണ്ടെന്ന് ശബ്‌ദരേഖയില്‍ നിന്ന് മനസിലാക്കാനാകും. ബന്ധുവായ യുവാവിനെ വിട്ടയക്കണമെന്നും അയാളുടെ മൊബൈല്‍ ഫോണ്‍ തിരികെ നല്‍കണമെന്നുമാണ് സിപിഎം നേതാവ് ആവശ്യപ്പെടുന്നത്. സംസാരിക്കുന്നതിനിടെ പ്രകോപിതനായ ഹെബിന്‍ദാസ് കെഎസ് ഷൈനിനെ അസഭ്യം വിളിക്കുന്നതും ശബ്‌ദ രേഖയില്‍ വ്യക്തമായി കേള്‍ക്കാം. ''സാറേ ആവശ്യമില്ലാത്ത പരിപാടി എടുക്കണ്ട. മൊബൈല്‍ വാങ്ങിവച്ചെന്ന് പറയുന്നണ്ടല്ലോ. ഞാനിപ്പോ സ്ഥലത്തില്ല. ഞാന്‍ അങ്ങോട്ട് വന്നാലുണ്ടല്ലോ, എസ്‌ഐ അല്ല ആരായാലും കൈകാര്യം ചെയ്യും. ഇക്കാര്യം തനിക്ക് എന്നെ വിളിച്ച് പറയാമായിരുന്നു. ഞാന്‍ ആദ്യമേ പറയുകയാണ്. സാര്‍ അറിഞ്ഞിട്ട് നമ്മുടെയടുക്കല്‍ ഈ പരിപാടി എടുക്കരുത്. സാര്‍ ഇനിയൊന്നും പറയണ്ട. അത് ശരിയല്ല' - ഹെബിന്‍ ദാസ് പറയുന്നു. ഏതാനും നാളുകളായി കഞ്ഞിക്കുഴിയിലെ ആളൊഴിഞ്ഞ ഈ സ്ഥലത്ത് വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെത്തി ലഹരി മരുന്ന് ഉപയോഗിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഹെബിന്‍ ദാസിന്‍റെ ബന്ധുവിനെ പിടികൂടിയത്. ഒരു മാസം മുമ്പ് നടന്ന മൊബൈല്‍ ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.