Police Jeep Rams Into Petrol Pump : കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി പൊലീസ് ജീപ്പ് ; ഒഴിവായത് വൻ ദുരന്തം - നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് പമ്പിലേക്ക്
Published : Oct 16, 2023, 12:41 PM IST
കണ്ണൂർ :പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറി അപകടം. കണ്ണൂർ കാൾടെക്‌സ് ജംഗ്ഷനിലെ പെട്രോൾ പമ്പിലേക്ക് രാവിലെ 6.30 ഓടെ ആണ് പൊലീസ് ജീപ്പ് ഇരച്ചുകയറിയത്. നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് ഡിവൈഡറിൽ ഇടിച്ച ശേഷം പമ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു (Police Jeep Rams Into Petrol Pump). അപകടത്തിൽ, എണ്ണ നിറയ്ക്കാന്‍ പമ്പിലെത്തിയ ഒരു കാര്‍ തകർന്നു. ഇടിയുടെ ആഘാതത്തിൽ പെട്രോൾ പമ്പിലെ ഇന്ധനമടിക്കുന്ന യന്ത്രം തകരുകയും ചെയ്‌തു. പമ്പിൽ ഉണ്ടായിരുന്നവർ ഓടിമാറി രക്ഷപ്പെടുകയായിരുന്നു. അതേസമയം പൊലീസ് ജീപ്പ് അമിത വേഗതയിൽ ആയിരുന്നെന്ന് ദൃക്‌സാക്ഷിയായ പെട്രോൾ പമ്പിലെ ജീവനക്കാരൻ പറഞ്ഞു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തെ തുടർന്ന് ഇന്ധന ചോർച്ച ഉണ്ടായിട്ടില്ലെന്നാണ് വിവരം. എആർ ക്യാമ്പിലെ പഴകിയ പോലീസ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. തുരുമ്പെടുത്ത ജീപ്പിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്ന് ആക്ഷേപവുമുണ്ട്.