തമ്പാനൂർ ഫ്ലൈ ഓവറിൽ നിന്ന് വീണ് മരിച്ചതാര്; ഇരുട്ടില്‍ തപ്പി പൊലീസ് - അജ്ഞാതന്‍റെ സ്വദേശം തേടി പൊലീസ്
Published : Dec 5, 2023, 5:08 PM IST
തിരുവനന്തപുരം: തമ്പാനൂർ പവർ ഹൗസ് - തകരപ്പറമ്പ് ഫ്ലൈ ഓവറിൽ നിന്ന് വീണ് മരണിച്ച അജ്ഞാതന്‍റെ സ്വദേശം തേടി പൊലീസ്. ഒക്ടോബർ 18 ന് രാവിലെ 4.15 നാണ് ഫ്ലൈ ഓവറിന് മുകളിൽ നിന്ന് താഴേക്ക് വീണ് ഇയാൾ മരണപ്പെടുന്നത്. 50 വയസ്സ് പ്രായം തോന്നിക്കുന്ന ഇയാൾ മലയാളിയാണെന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാൽ മരണപ്പെടുന്ന സമയത്ത് ഇയാൾ ധരിച്ചിരുന്ന ഷർട്ടിന്‍റെ കോളറിൽ "സ്വദേശി" എന്ന പേര് കാണുകയും ഇതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാൽ കേരളത്തിൽ ഈ ബ്രാൻഡ് കണ്ടെത്തനാകാത്തതിനെ തുടർന്ന് ഇയാൾ അന്യസംസ്ഥാനക്കാരനാണെന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ് പൊലീസ്. പൊലീസ് രണ്ട് മാസത്തോളം അന്വേഷണം നടത്തിയെങ്കിലും ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ കണ്ടെത്താനായിട്ടില്ല. നിലവിൽ ഇയാളുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്. മരണപ്പെട്ടതിന് പിറകെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇയാൾ ഫ്ലൈ ഓവറിന് മുകളിലൂടെ നടന്നു പോകുന്നതും അതിന് മുകളിൽ നിന്ന് താഴേക്ക് വീഴുന്നതുമായ ദൃശ്യങ്ങൾ പോലീസിന് കണ്ടെത്താനായി. സംഭവത്തിൽ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.