Drone Inspection| ലഹരി സംഘങ്ങള്‍ക്ക് പിടിവീഴും; ഡ്രോണ്‍ പരിശോധനയുമായി പൊലീസ് - Drug gangs
കണ്ണൂര്‍:ലഹരി മാഫിയ സംഘങ്ങളെയും സാമൂഹിക വിരുദ്ധരെയും പിടികൂടുന്നതിനായി ഡ്രോണ്‍ പരിശോധനയുമായി ഇരിട്ടി പൊലീസ്. ഇരിട്ടി ടൗണിലും സമീപ പ്രദേശങ്ങളിലുമാണ് പൊലീസ് ലഹരി വിരുദ്ധ സ്‌ക്വാഡിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. മേഖലയില്‍ ലഹരി ഉപയോഗവും വില്‍പനയും വര്‍ധിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് ഡ്രോണ്‍ പരിശോധന നടത്തിയത്.
ടൗണിലും പരിസര പ്രദേശങ്ങളിലും സംശയാസ്‌പദമായ രീതിയില്‍ കണ്ടെത്തിയ ആളുകളെയും ക്ലാസ് കട്ട് ചെയ്‌ത് കറങ്ങി നടന്ന വിദ്യാര്‍ഥികളെയും പൊലീസ് കണ്ടെത്തി. നഗരത്തിലെ ഊടു വഴികളിലും ആളൊഴിഞ്ഞ മേഖലകളിലുമാണ് ലഹരി ഉപയോഗവും വില്‍പനയും നടക്കുന്നത്. അതുകൊണ്ടാണ് അത്തരം സ്ഥലങ്ങള്‍ കണ്ടെത്തി പരിശോധന നടത്തുന്നത്.
മേഖലയിലെ ലഹരി വില്‍പന കണ്ടെത്തി തടയിടുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരും. കണ്ണൂർ റൂറല്‍ പൊലീസിന് ലഭിച്ച ഡ്രോണാണ് പരിശോധനയ്‌ക്ക് ഉപയോഗിച്ചത്. ഇരിട്ടി സി.ഐ കെ.ജെ ബിനോയ്, എസ്ഐ എം.രാജീവൻ, എ എസ്ഐ ജിജിമോൻ, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഡ്രോൺ പറത്തി പരിശോധന നടത്തിയത്.