അനധികൃതമായി കടത്തുന്നതിനിടയില്‍ പിടികൂടിയ പടക്കങ്ങള്‍ നിര്‍വീര്യമാക്കി പൊലീസ്, വീഡിയോ - പടക്കം
കോഴിക്കോട്:അനധികൃതമായി ലോറിയില്‍ കടത്തുന്നതിനിടെ പിടികൂടിയ പടക്കങ്ങള്‍ നിര്‍വീര്യമാക്കി കൊയിലാണ്ടി പൊലീസ്. കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയ ഓൺലൈൻ ബുക്ക് ചെയ്‌ത പടക്കങ്ങള്‍ നിർവീര്യമാക്കുന്ന കാഴ്‌ചയാണിത്. കീഴരിയൂർ ആനപ്പാറ ക്വാറിയിലാണ് പടക്കം പൊട്ടിച്ചു തീർക്കുന്നത്.
പടക്കങ്ങള്‍ നിര്‍വീര്യമാക്കുന്ന പ്രവര്‍ത്തി നാളെയും തുടരും. വടകര, മാഹി ഭാഗങ്ങളിലേക്ക് സുരക്ഷ സംവിധാനമില്ലാതെ കൊണ്ടുപോവുകയായിരുന്ന ഒരു ലോറി നിറച്ചുള്ള പടക്കങ്ങളാണ് കഴിഞ്ഞ ദിവസം കൊയിലാണ്ടി പൊലീസ് പിടികൂടിയത്. കോടതി നിർദേശപ്രകാരം കൊയിലാണ്ടി എസ്.ഐ എം പി ശൈലേഷിന്‍റെയും, ബോംബ് സ്ക്വാഡിന്‍റെയും നേതൃത്വത്തിലാണ് പടക്കങ്ങൾ പൊട്ടിക്കുന്നത്.
വടകര കരിമ്പനപ്പാലത്തിനു സമീപത്തെ നോവ കൊറിയർ വഴിയാണ് ഒരു ലക്ഷം രൂപയോളം വില വരുന്ന പടക്കം എത്തിയത്. കോയമ്പത്തൂർ ആസ്ഥാനമായുള്ള കൊറിയർ സർവീസാണിത്. 20ല്‍ അധികമുള്ള പെട്ടിയിൽ സുരക്ഷ മാനദണ്ഡം ഇല്ലാതെയാണ് പടക്കം അയച്ചത്.
ശിവകാശിയിൽ നിന്ന് കോയമ്പത്തൂർ വഴിയാണ് പടക്കം എത്തിയത്. ഫയർ വർക്കേഴ്‌സ് അസോസിയേഷന്‍റെ പരാതിയിലാണ് കോഴിക്കോട്ട് പൊലീസ് തെരച്ചിൽ നടത്തിയത്.