നിരോധിച്ച പുകയില ഉത്‌പന്നങ്ങളുമായി യുവാവിനെ എരുമപ്പെട്ടി പൊലീസ് അറസ്‌റ്റ് ചെയ്‌തു
തൃശൂര്‍: നിരോധിച്ച പുകയില ഉത്‌പന്നങ്ങളുമായി യുവാവിനെ എരുമപ്പെട്ടി പൊലീസ് അറസ്‌റ്റ് ചെയ്‌തു. വേലൂർ തയ്യൂർ ചിറ്റലപ്പിള്ളി വീട്ടിൽ നെൽസനാണ് പിടിയിലായത്. തയ്യൂർ ചുങ്കം റോഡിൽ നെൽസൻ്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കട കേന്ദ്രീകരിച്ചാണ് നിരോധിച്ച ലഹരി വസ്‌തുവായ പുകയില ഉത്‌പന്നങ്ങൾ വിൽപന നടത്തിയിരുന്നത്
കൂടുതലായും വിദ്യാർഥികളെയും അയൽ സംസ്ഥാന തൊഴിലാളികളെയും ലക്ഷ്യം വച്ചാണ് വിൽപന നടത്തുന്നത്. തമിഴ്‌നാട്ടിൽ നിന്നും വൻതോതിൽ എത്തിക്കുന്ന പുകയില വസ്‌തുക്കൾക്ക് മൂന്നിരട്ടി വില ഈടാക്കിയാണ് വിൽപന നടത്തുന്നത്. പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്.ഐ, ടി.സി അനുരാജിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പുകയില ഉത്‌പന്നങ്ങൾ പിടികൂടാൻ കഴിഞ്ഞത്.
ചാക്കുകളിലാക്കിയാണ് കടയിൽ ഇവ സൂക്ഷിച്ചിരുന്നത്. സിവിൽ പൊലീസ് ഓഫിസർമാരായ എ.ബി ഷിഹാബുദ്ധീൻ, കെ സഗുൺ, സീനിയർ സിവിൽ പൊലീസ് ഓഫിസറായ ടി.എ ഷാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഇക്കഴിഞ്ഞ നവംബര്‍ മാസം ഇടുക്കിയിലെ പൂപ്പാറയില്‍ നിന്ന് നിരോധിത പുകയില ഉത്‌പന്നങ്ങളുമായി മൂന്ന് പേര്‍ അറസ്‌റ്റിലായിരുന്നു. രാജാക്കാട് പുതിയിടത്ത്കുന്നേല്‍ സുമേഷ്, എറണാകുളം സ്വദേശികളായ നാദിര്‍ഷ, ഷജീര്‍ എന്നിവരാണ് അറസ്‌റ്റിലായത്. മൂന്ന് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്‌പന്നങ്ങളാണ് ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്.