നാടുനീളെ അടിപിടി, അസഭ്യവർഷം, ദൃശ്യങ്ങൾ പകർത്തിയ ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിച്ചു; യുവതി പൊലീസ് പിടിയിൽ - police arrested Ansiya
കൊല്ലം: കടയ്ക്കലിലും പരിസര പ്രദേശങ്ങളിലും നിരന്തരം അടിപിടിയുണ്ടാക്കുന്ന യുവതിയെ പൊലീസ് പിടികൂടി. ദലിത് യുവതിയെ നടുറോഡില്‍ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പാങ്ങലുകാട് സ്വദേശിയായ അൻസിയയാണ് പടിയിലായത്. മാരകായുധങ്ങളുമായി എത്തി ആളുകളെ ഭീഷണിപ്പെടുത്തുക, ആക്രമിച്ച് പരിക്കേൽപ്പിക്കുക തുടങ്ങിയ പരാതികൾ വ്യാപകമായതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.
ഉത്സവ സ്ഥലത്ത് കത്തിയുമായെത്തി പുരുഷൻമാരെ അക്രമിക്കുക, അയൽവാസികളായ സ്ത്രീകളെ റോഡിലിട്ട് തല്ലുക, പൊതുമധ്യത്ത് കേട്ടാലറയ്ക്കുന്ന തെറി പറയുക എന്നിങ്ങനെ നിരവധി പരാതികളാണ് അൻസിയക്കെതിരെ ഉയർന്നിരുന്നത്. കഴിഞ്ഞ ദിവസം കടയ്ക്കൽ പാങ്ങലുകാട് വച്ച് ഇവർ മറ്റൊരു സ്ത്രീയുമായി വാക്കേറ്റവും കല്ലേറും നടത്തിയിരുന്നു.
ഇതിൻ്റെ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പകർത്തിയെന്നാരോപിച്ച് പ്രദേശത്തെ ഓട്ടോ ഡൈവറായ വിജിത്തിൻ്റെ കൈ അൻസിയ തല്ലിയൊടിച്ചിരുന്നു. നേരത്തെ തന്നെ കളിയാക്കിയെന്നാരോപിച്ച് അയൽവാസിയായ ദലിത് യുവതിയെ റോഡിലിട്ട് തല്ലിയെന്ന പരാതിയും അൻസിയക്കെതിരെ ഉയർന്നിരുന്നു.
അക്രമം തുടർ കഥയായതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഇതിനിടെ പൊലീസ് സ്റ്റേഷനിൽ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെയും അൻസിയ ഭീഷണിപ്പെടുത്തി. ഇവരെ റിമാൻഡ് ചെയ്‌തിട്ടുണ്ട്.