200ല്‍ പരം മോഷണ കേസുകള്‍; സ്‌പൈഡർമാൻ ബാഹുലേയൻ പൊലീസ് പിടിയില്‍ - പൊലീസ്
തിരുവനന്തപുരം:200ല്‍പരം മോഷണ കേസുകളിൽ പ്രതിയായ സ്‌പൈഡർ മാൻ ബാഹുലേയൻ(55) പൊലീസ് പിടിയിൽ. നഗരത്തിൽ മെഡിക്കൽ കോളജ്, കരമന വഞ്ചിയൂർ എന്നീ പ്രദേശങ്ങളിൽ അടുത്ത കാലത്ത് 20 ഓളം മോഷണങ്ങളായിരുന്നു ഇയാൾ നടത്തിയത്. സംസ്ഥാനത്താകമാനം 200 ഓളം മോഷണ കേസുകളിൽ ഇയാൾ പ്രതിയാണ്.
വഞ്ചിയൂർ പൊലീസാണ് ഇന്നലെ അർധരാത്രിയോടെ ബാഹുലെയനെ വെള്ളായാണിയിൽ നിന്നും പിടികൂടിയത്. അടുത്തിടെ വഞ്ചിയൂരിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് തിരഞ്ഞു വരികയായിരുന്നു. ഇതിനിടെയാണ് ഇയാൾ വെള്ളായണിയിൽ മോഷണം നടത്തുമെന്ന് പൊലീസിന് വിവരം ലഭിച്ചത്.
തുടർന്ന് സ്ഥലത്ത് രഹസ്യമായി എത്തിയായിരുന്നു ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സാധാരണ ഗതിയിൽ മോഷണങ്ങൾക്ക് ശേഷം മധുരയിലേക്ക് കടക്കുന്നതാണ് ഇയാളുടെ രീതി. എന്നാൽ, ഇയാൾ ജില്ലയിൽ തന്നെ തുടരുന്നതായി പൊലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.
മധുരയിൽ ഇയാൾക്ക് താത്‌കാലിക കേന്ദ്രങ്ങളുള്ളതായും പൊലീസ് സംശയിക്കുന്നു. തമിഴ്‌നാട്ടിലും ഇയാൾ മോഷണ ശ്രമം നടത്തിയതായി പൊലീസിന് സംശയമുണ്ട്. വീടിന്‍റെ ഭിത്തികളിൽ വലിഞ്ഞു കയറി വീടുകൾക്കുളളിൽ പ്രവേശിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.
ഇതിനാലാണ് സ്പൈഡർമാൻ ബാഹുലേയൻ എന്ന പേര് ഇയാൾക്ക് ലഭിച്ചത്. നഗരത്തിലെ വിവിധ പൊലീസ് സ്‌റ്റേഷൻ പരിധികളിൽ നടന്ന മോഷണങ്ങളുടെ തെളിവെടുപ്പ് നടത്തിയ ശേഷമാകും ഇയാളെ കോടതിയിൽ ഹാജരാക്കുക.