Plus Two Students Car Met Accident : ഓണാഘോഷത്തിനിടെ പ്ലസ്‌ടു വിദ്യാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞു, ഒരാൾക്ക് ഗുരുതര പരിക്ക് - പൊലീസ് പിന്തുടർന്ന കാർ അപകടത്തിൽപ്പെട്ടു
Published : Aug 27, 2023, 1:48 PM IST
കാസർകോട് : ഓണാഘോഷ പരിപാടിക്കെത്തിയ വിദ്യാർഥികൾ കാറിൽ കറങ്ങുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥിക്ക് ഗുരുതര പരിക്ക്. അംഗടിമോഗർ ജി എച്ച് എസ് എസിലെ പ്ലസ്‌ടു വിദ്യാർഥികളായ അഞ്ചംഗ സംഘം സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത് (Plus Two Students Car Met Accident). സ്‌കൂളിലെ ഓണാഘോഷ പരിപാടികൾക്ക് (Onam Celebration) ശേഷം മടങ്ങിയ വിദ്യാർഥികളുടെ കാർ കുമ്പള പൊലീസ് പരിശോധനയ്ക്കായി നിർത്തിച്ചിരുന്നു. എന്നാല്‍ പരിഭ്രാന്തരായ വിദ്യാർഥികൾ കാർ മുന്നോട്ടെടുക്കുകയായിരുന്നു. തുടർന്ന് കാറിനെ പൊലീസ് വാഹനം പിന്തുടർന്നു. ഇതോടെ അമിത വേഗതയിൽ ഓടിച്ച കാർ മതിലില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽ മുൻ സീറ്റിൽ ഇരുന്ന വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നീട് പൊലീസ് വാഹനത്തിലാണ് വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിയുടെ നില അതീവ ഗുരുതരമാണ്. പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാരുടെയും കുടുംബത്തിന്‍റെയും ആരോപണം. എന്നാൽ കൃത്യനിർവഹണത്തിന്‍റെ ഭാഗമായാണ് നിർത്താതെ പോയ വാഹനത്തെ പിന്തുടർന്നതെന്നും വിദ്യാർഥികൾക്ക് ലൈസൻസ് ഇല്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.