വേനല്‍ക്കാലത്തും ഹൈറേഞ്ചില്‍ സമൃദ്ധമായി വിളഞ്ഞ് പ്ലം ; നൂറുമേനി വിളവെടുക്കാന്‍ ബിജു - ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത
ഇടുക്കി : പ്രധാനമായും ശീതകാലത്ത് മാത്രം ഉണ്ടാവുന്ന പ്ലം ഹൈറേഞ്ചിലെ ചൂടിൽ സമൃദ്ധമായി വിളയും എന്ന് തെളിയിച്ചിരിക്കുകയാണ് ഇരട്ടയാർ തോവാള സ്വദേശിയായ കളപ്പുരയ്ക്കൽ ബിജു. വിദേശത്തുനിന്നും ഏജന്‍റ് മുഖാന്തരം എത്തിച്ച സാറ്റ്ലിച്ച് ഇനം പ്ലമ്മുകളാണ് ബിജുവിന്‍റെ തോട്ടത്തിൽ സമൃദ്ധമായി വിളഞ്ഞുനിൽക്കുന്നത്.
മിതശീതോഷ്‌ണ മേഖലയ്ക്കിണങ്ങിയ മികച്ച ഫലസസ്യമാണ് പ്ലം. ഇവ വളരുന്ന ഇടങ്ങളില്‍ കായ്ക്കാന്‍ നിശ്ചിത ദിവസങ്ങളില്‍ അതിശൈത്യം വേണം. കേരളത്തില്‍ സമുദ്രനിരപ്പില്‍നിന്ന് 6500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇടുക്കി കാന്തല്ലൂര്‍ മലനിരകളിലാണ് മഞ്ഞുകാല പഴമായ പ്ലം വ്യാപകമായി കൃഷി ചെയ്യപ്പെടുന്നത്.
പകല്‍ താപനില 15 ഡിഗ്രിയും രാത്രി താപനില പൂജ്യവും ആയാല്‍ പ്ലം മികച്ച ആദായം നൽകും. എന്നാൽ, ഹൈറേഞ്ചിലെ ചൂട് കാലാവസ്ഥയിലും പ്ലം സമൃദ്ധമായി വിളയും എന്ന് തെളിയിച്ചിരിക്കുകയാണ് മികച്ച കർഷകനായ ഇരട്ടയാർ തോവാള സ്വദേശി കളപ്പുരയ്ക്കൽ ബിജു. വിദേശത്തുനിന്നും ഏജന്‍റ് മുഖേന എത്തിച്ച പ്ലമ്മുകളാണ് ബിജുവിന്‍റെ തോട്ടത്തിൽ സമൃദ്ധമായി വിളഞ്ഞുനിൽക്കുന്നത്.
ഈ ഇനത്തിൽ എല്ലാ സമയവും കായ്‌കൾ ഉണ്ടാവും എന്നതാണ് മറ്റൊരു പ്രത്യേകത. വിക്‌ടോറിയ, മാങ്കോ പ്ലം, കെവിറ്റ, ഗ്രീന്‍ഗേജ്, ഹെയില്‍സ്, സാന്താ റോസ തുടങ്ങിയ ഇനങ്ങൾ ബിജു പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്‌തിരുന്നു. ഇതിൽ മികച്ചതാണ് സാറ്റ്ലിച്ച് ഇനം എന്ന് ബിജു പറയുന്നു.
ഒരു വർഷംകൊണ്ട് സാറ്റ്ലിച്ച് പ്ലം കായ്ക്കും എന്നതാണ് പ്രത്യേകത. കാപ്പിക്കുരു കായ്ക്കുംപോലെ നിറയെ കായ്‌കളും ലഭിക്കും. വ്യാവസായികാടിസ്ഥാനത്തിൽ പ്ലം കൃഷി വിപുലീകരിക്കുവാൻ ഒരുങ്ങുകയാണ് ബിജു.