ആര്‍ക്കും വന്ന് വിളവെടുക്കാം, ഏത് എടുത്താലും 40 രൂപ ; കട്ടപ്പന സ്വദേശി സന്തോഷിന്‍റെ 'വേറെ ലെവല്‍' ജൈവ പച്ചക്കറി കൃഷി - കട്ടപ്പന സ്വദേശി സന്തോഷിൻ്റെ പച്ചക്കറി
ഇടുക്കി : ജൈവ പച്ചക്കറികൾക്കെല്ലാം കിലോയ്ക്ക് 40 രൂപ മാത്രം വിലയിട്ട് വേറിട്ട കച്ചവടം നടത്തുകയാണ് കട്ടപ്പനയ്‌ക്കടുത്ത് നരിയമ്പാറ സ്വദേശി പാറയ്‌ക്കൽ പി കെ സന്തോഷ്. പച്ചക്കറി വാങ്ങാൻ എത്തുന്നവർക്ക് സ്വന്തമായി വിളവെടുത്തുകൊണ്ടുപോകാനും ഇവിടെ അവസരമുണ്ട്. സ്വന്തമായുള്ള നാലേക്കർ സ്ഥലത്തും പാട്ടത്തിനെടുത്ത രണ്ടേക്കർ സ്ഥലത്തുമാണ് സന്തോഷിന്‍റെ കൃഷി.
പാവൽ, പടവലം, വിവിധയിനം പയറുകൾ, കോളിഫ്‌ളവർ, ബ്രൊക്കോളി, പച്ചമുളക്, കാന്താരി, കാരറ്റ്, തുടങ്ങിയവയെല്ലാം ഇദ്ദേഹത്തിന്‍റെ കൃഷിയിടത്തിലുണ്ട്. മഞ്ഞൾ, കസ്‌തൂരിമഞ്ഞൾ, ഇഞ്ചി, കപ്പ, അടതാപ്പ്, വിവിധയിനം വാഴകൾ തുടങ്ങിയവയും തെങ്ങ്, ജാതി, ഗ്രാമ്പൂ, കുരുമുളക്, ഏലം എന്നിവയും കൃഷി ചെയ്യുന്നു. സിലോപ്യ, ഗോൾഡ്, ഗ്രാസ് കാർപ്പ് തുടങ്ങിയ മീനുകളും ഇദ്ദേഹത്തിന്‍റെ കുളത്തിലുണ്ട്.
വർഷങ്ങൾക്കു മുൻപ് ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന സന്തോഷ് പിന്നീട് പിക് അപ്, ടിപ്പർ എന്നിവയും വാങ്ങി സർവീസ് നടത്തിയിരുന്നു. അതിനിടെയാണ് കൃഷിയിലേക്ക് തിരിയുന്നത്. പലപ്പോഴും കൃഷിയിടത്തിൽ എത്തുന്നവർക്ക് പച്ചക്കറികൾ കിട്ടാതാകുന്ന സ്ഥിതിയല്ലാതെ വിൽക്കാൻ കഴിയാതെ നശിക്കുന്ന അവസ്ഥ ഉണ്ടായിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു.
കപ്പ കൃഷി ചെയ്‌താൽ കാട്ടുപന്നികൾ നശിപ്പിക്കുന്നത് പതിവായതോടെ കൃഷിയിടത്തിൽ കണ്ണടകൾ സ്ഥാപിച്ച് നടത്തിയ പരീക്ഷണവും വിജയം കണ്ടെന്ന് ഇദ്ദേഹം പറയുന്നു. പച്ചക്കറികൾക്ക് വേപ്പെണ്ണ മാത്രമാണ് ഇദ്ദേഹം മരുന്നായി ഉപയോഗിക്കുന്നത്. രണ്ട് ദിവസം കൂടുമ്പോൾ വേപ്പെണ്ണ നൽകുന്നതിനാൽ കാര്യമായ കീടബാധകൾ ഉണ്ടാകുന്നില്ല. ആറ് പശുക്കളുള്ള സന്തോഷിന് ഒരേക്കർ സ്ഥലത്ത് പുൽകൃഷിയുമുണ്ട്.