ആരോഗ്യ വകുപ്പില്‍ പിന്‍വാതില്‍ നിയമനം; തെളിവുമായി പി കെ ഫിറോസ്
കോഴിക്കോട്:സംസ്ഥാനത്ത് ആരോഗ്യ വകുപ്പില്‍ പിന്‍വാതില്‍ നിയമനങ്ങളെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ആയുഷ് വകുപ്പിന് കീഴിലെ 900 ത്തോളം തസ്‌തികകളില്‍ പാർട്ടിക്കാരെ നിയമിച്ചുവെന്നാണ് ആരോപണം. നിയമനങ്ങള്‍ റദ്ദാക്കി സർക്കാർ സമഗ്രാന്വേഷണം നടത്തണമെന്നും അല്ലാത്ത പക്ഷം നിയമപരമായി നീങ്ങുമെന്നും പികെ ഫിറോസ് വ്യക്തമാക്കി.
ഒരിടവേളക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും നിയമന വിവാദം ഉയരുന്നത്. ആയുഷ് വകുപ്പിന് കീഴില്‍ ഡോക്‌ടർമാർ മുതല്‍ താഴേക്കുള്ള വിവിധ തസ്‌തികകളില്‍ 900 ത്തോളം പിന്‍വാതില്‍ നിയമനം നടന്നുവെന്നാണ് യൂത്ത് ലീഗ് ആരോപണം. നിയമനം നേടിയവരുടെ പേര് വിവരവും അവരുടെ പാർട്ടി പശ്ചാത്തലവും ഉള്‍പ്പെടെ പികെ ഫിറോസ് പുറത്തുവിട്ടു.
ഈ നിയമനങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട യൂത്ത് ലീഗ്, സർക്കാർ സമഗ്രാന്വേഷണത്തിന് തയ്യാറാകണമെന്നും കൂട്ടിച്ചേർത്തു. അല്ലാത്തപക്ഷം വിഷയത്തില്‍ രാഷ്ട്രീയ പോരാട്ടത്തിനൊപ്പം നിയമ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിന്‍വാതില്‍ നിയമനം നേടിയവരുടെ യോഗ്യതയില്‍ സംശയമുണ്ടെന്ന് പറഞ്ഞ പികെ ഫിറോസ് ആരോഗ്യ മേഖലയിലെ പിന്‍വാതില്‍ നിയമനം ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാണെന്നും ആരോപിച്ചു.