'കർണാടക ജനവിധി ബിജെപിയുടെ ഹുങ്കിനുള്ള മറുപടി'; വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ - ബിജെപിക്കെതിരെ പിണറായി വിജയന്‍
തൃശൂര്‍:ആര്‍എസ്എസ് ഭരണകൂടം രാജ്യത്തെ ഭരണഘടനയ്ക്ക് വില കൽപ്പിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങളെ കേന്ദ്രം ബുദ്ധിമുട്ടിക്കുകയാണ്. ബിജെപിയുടെ ഹുങ്കിനുള്ള മറുപടിയാണ് കർണാടകയിലെ ജനവിധിയെന്നും അദ്ദേഹം പറഞ്ഞു.
ALSO READ |സിദ്ധരാമയ്യയോ ശിവകുമാറോ ? ; ആരാകും കര്‍ണാടക മുഖ്യന്‍ ?, പന്ത് ഹൈക്കമാന്‍ഡിന്‍റെ കോര്‍ട്ടില്‍
എന്താണ് രാജ്യത്ത് ബിജെപിയ്ക്ക് സംഭവിക്കുക എന്നതിൻ്റെ തെളിവാണ് കര്‍ണാടക. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് തൃശൂര്‍ ഒല്ലൂരില്‍ സംഘടിപ്പിച്ച ബഹുജന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കർണാടകയിൽ വോട്ടെണ്ണൽ പൂര്‍ത്തിയായപ്പോള്‍ കേവലഭൂരിപക്ഷത്തേക്കാള്‍ ഉയര്‍ന്ന സീറ്റുകളാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. 135 സീറ്റുകളാണ് പാര്‍ട്ടി സ്വന്തമാക്കിയത്. ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുണ്ടായിരുന്ന ബിജെപി സര്‍ക്കാര്‍ തുടര്‍ഭരണം പ്രതീക്ഷിച്ചിരുന്നെങ്കിലും 66 സീറ്റുകളില്‍ മാത്രമായി പാര്‍ട്ടി ഒതുങ്ങി.
ജെഡിഎസ് 19 സീറ്റുകളിലും മറ്റുള്ളവർ നാല് സീറ്റുകളിലുമാണ് വിജയം കൈവരിച്ചത്. കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറും കോണ്‍ഗ്രസിന്‍റെ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും മുന്‍ ആഭ്യന്തരമന്ത്രി കെജെ ജോര്‍ജും വന്‍ വിജയമാണ് നേടിയത്. ജെഡിഎസിന്‍റെ ബി നാഗരാജുവിനെ 1,22,392 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ തൂത്തെറിഞ്ഞാണ് ഡികെയുടെ വിധാന്‍സൗദ പ്രവേശനം.