Tanker Lorry Accident | നിയന്ത്രണംവിട്ട പെട്രോള്‍ ടാങ്കർ തട്ടുകടയിലേക്ക് ഇടിച്ചുകയറി; കടയുടമ ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് പരിക്ക് - തിരുവനന്തപുരം
കോട്ടയം: ടാങ്കർ ലോറി നിയന്ത്രണംവിട്ട് തട്ടുകടയിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്. കടയുടമ പത്താം മൈൽ സ്വദേശിനി ഉദയശ്രീ(31), കടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന തിരുവനന്തപുരം സ്വദേശി ജയ്‌ജിത്ത്, ആഷിഷ്, കൊടുങ്ങൂർ സ്വദേശി അനീഷ് എന്നിവർക്കും തിരുവനന്തപുരം സ്വദേശിയായ ടാങ്കര്‍ ലോറി ഡ്രൈവർ രാകേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്‌ച വൈകുന്നേരം നാലോടെ വെള്ളൂർ എട്ടാം മൈലിൽ വെള്ളൂർ സ്‌കൂളിന് മുൻപിലായിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്ക് വന്ന പെട്രോൾ ടാങ്കർ നിയന്ത്രണംവിട്ട് സമീപത്തെ തട്ടുകടയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ ഡ്രൈവറുടെ ദേഹത്ത് തിളച്ച എണ്ണ വീണ് പൊള്ളലേറ്റിട്ടുണ്ട്. റോഡരികിലുള്ള തട്ടുകട 50 മീറ്ററോളം ഇടിച്ച് നിരക്കിയ ശേഷം സമീപത്തെ മരത്തിലിടിച്ചാണ് ലോറി നിന്നത്. കഴിഞ്ഞദിവസം കോഴിക്കോട് താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. കെമിക്കല്‍ കയറ്റുന്നതിനായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് ചുരം ഇറങ്ങുന്നതിനിടെ അപകടത്തില്‍പെട്ടത്. എന്നാല്‍ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗതതടസം നേരിട്ടുവെങ്കിലും പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് വണ്‍വെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തി വിടുകയായിരുന്നു.