വാഹനമിടപാടില്‍ പണത്തെ ചൊല്ലി തര്‍ക്കവും മര്‍ദനവും; കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചതോടെ പരാതിക്കാരനെ കാറിടിച്ച് കൊലപ്പെടുത്തി - രാജ്യം നടുങ്ങിയ കൊലപാതകങ്ങള്‍
Published : Oct 31, 2023, 8:33 PM IST
ബെംഗളൂരു:തങ്ങള്‍ക്കെതിരെ പരാതിപ്പെട്ടതിന് പ്രതിനായകന്മാര്‍ പരാതിക്കാരനെ വാഹനമിടിച്ചും മറ്റും മൃഗീയമായി കൊലപ്പെടുത്തുന്ന രംഗങ്ങള്‍ സിനിമകളില്‍ പതിവാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു കൊലപാതകത്തിന്‍റെ വിവരങ്ങളാണ് കഴിഞ്ഞദിവസം ബെംഗളൂരുവില്‍ ചുരുളഴിഞ്ഞത്. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 18ന് രാത്രി പുലികേശി നഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന സെയ്‌ദ് അസ്‌ഗര്‍ വധക്കേസിലെ അന്വേഷണത്തിനിടെയാണ് ഈ വമ്പന്‍ ട്വിസ്‌റ്റ് പുറത്തുവരുന്നത്. കൊല്ലപ്പെട്ട സെയ്‌ദ് അസ്‌ഗര്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരുന്നു. ഏതാണ്ട് എട്ടുമാസം മുമ്പ് അസ്‌ഗര്‍ പരിചയത്തിലുള്ള അമീന്‍ എന്നയാള്‍ക്ക് നാല് ലക്ഷം രൂപ വിലവരുന്ന രണ്ട് കാറുകള്‍ വിറ്റിരുന്നു. എന്നാല്‍ അമീന്‍ അസ്‌ഗറിന് മാസങ്ങള്‍ കഴിഞ്ഞും പണം നല്‍കിയിരുന്നില്ല. കൊലപാതകം നടക്കുന്നതിന്‍റെ 20 ദിവസങ്ങള്‍ക്ക് മുമ്പ് ചില മധ്യസ്ഥരുടെ ഇടപെടലില്‍ നടന്ന സംസാരത്തിനൊടുവില്‍ അസ്‌ഗറിന് പണം നല്‍കാമെന്ന് അമീന്‍ ഉറപ്പുനല്‍കി. എന്നാല്‍ ദിവസങ്ങള്‍ക്കിപ്പുറം അമീനും സുഹൃത്തുക്കളും ചേര്‍ന്ന് സെയ്‌ദ് അസ്‌ഗറിനെയും ഇയാളുടെ സുഹൃത്തായ മുജാഹിദിനെയും ബിയര്‍ കുപ്പി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഈ സംഭവത്തില്‍ മുജാഹിദ് ജെ.സി നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പരാതിയിന്മേല്‍ പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്ത് അന്വേഷണവും ആരംഭിച്ചു. ഈ സമയം കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അമീന്‍ ഇവരുമായി ബന്ധപ്പെട്ടു. എന്നാല്‍ ഇവര്‍ പരാതി പിന്‍വലിക്കില്ലെന്ന് അറിയിക്കുകയും പരാതിയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്‌തു. തുടര്‍ന്ന് ഒക്‌ടോബര്‍ 18 ന് രാത്രി കേസിനെ കുറിച്ച് സംസാരിക്കാനായി അമീന്‍ വീണ്ടും ഇവരുമായി ബന്ധപ്പെട്ടു. ഇത്തവണ നേരില്‍ക്കണ്ടായിരുന്നു മധ്യസ്ഥശ്രമം. എന്നാല്‍ പരാതിയില്‍ പിന്നോട്ടില്ലെന്നറിയിച്ച് അസ്‌ഗറും മുജാഹിദും തങ്ങളെത്തിയ ഇരുചക്ര വാഹത്തില്‍ മടങ്ങുമ്പോള്‍, പ്രതികള്‍ ഇവരെത്തിയ സ്‌കോര്‍പിയോ കാര്‍ മനപ്പൂര്‍വം ഇവരുടെ നേരെ ഓടിച്ചുകയറ്റുകയായിരുന്നു. സംഭവത്തില്‍ അസ്‌ഗര്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുജാഹിദ് ആശുപത്രിയില്‍ ചികിത്സയിലാണ്.