'കുടുംബ ബജറ്റിന്‍റെ താളം തെറ്റിക്കും'; വില വര്‍ധനയില്‍ പൊതുജനം പ്രതികരിക്കുന്നു
തിരുവനന്തപുരം: പെട്രോളിനും ഡീസലിനും രണ്ടു രൂപ സാമൂഹ്യ സുരക്ഷ സെസ് ഏർപ്പെടുത്തിയ ബജറ്റ് നിർദേശത്തിലെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ജനങ്ങൾ. ഇന്ധന വില വർധന ദൈനംദിന ജീവിതത്തെ കാര്യമായി ബാധിക്കുമെന്നും കുടുംബ ബജറ്റ് താളം തെറ്റുമെന്നും ജനങ്ങൾ പറയുന്നു. സർക്കാർ നടപ്പാക്കുന്ന ഏറ്റവും മോശം തീരുമാനമാണിതെന്നും ആരോപണം ഉണ്ട്. വിഷയത്തില്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ള ജനങ്ങൾ ഇടിവി ഭാരതിനോട് പ്രതികരിക്കുന്നു.
പെട്രോളിനും ഡീസലിനും രണ്ട് രൂപ സാമൂഹ്യ സുരക്ഷ സെസ് ഏര്‍പ്പെടുത്തിയ ബജറ്റ് നിര്‍ദേശം ഇന്ന് മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരികയാണ്. ഇന്ന് മുതൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ അധികം നൽകേണ്ടി വരും. ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനാണ് ഇന്ധന നിരക്ക് രണ്ട് രൂപ വീതം വർധിപ്പിച്ചതെന്നാണ് സർക്കാർ വാദം.
ഇതിലൂടെ 750 കോടി രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിനിടെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല 500 രൂപ മുതല്‍ 999 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് കുപ്പി ഒന്നിന് 20 രൂപയും 1000 രൂപയക്ക് മുകളിലുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് കുപ്പി ഒന്നിന് 40 രൂപയും അധികമായി ഈടാക്കുമെന്ന ബജറ്റ് പ്രഖ്യാപനവും ഇന്ന് മുതൽ പ്രാബല്യത്തില്‍ വരും. 400 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ നിരക്ക് വർധനവിലൂടെ പ്രതീക്ഷിക്കുന്നത്.
ഇതോടൊപ്പം ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനവും ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. വിപണി വിലയും ന്യായവിലയുവും തമ്മിലുള്ള അന്തരം നികത്താനാണ് ന്യായവില 20 ശതമാനം വര്‍ധിപ്പിക്കുനതെന്നാണ് മന്ത്രി ഇത് സംബന്ധിച്ച് മുന്നോട്ട് വയ്ക്കുന്ന ന്യായം.